ന്യൂഡല്‍ഹി: സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ ഓണ്‍ലൈന്‍ ഭക്ഷണവിതരണ പ്ലാറ്റ്ഫോമുകളില്‍നിന്ന് ചരക്കുസേവന നികുതി ഈടാക്കാമെന്ന നിര്‍ദേശവുമായി ജി.എസ്.ടി കൗണ്‍സല്‍. ലഖ്നോവില്‍ ചേര്‍ന്ന ധനമന്ത്രി നിര്‍മല സീതാരാമന് അധ്യക്ഷനായ ജി.എസ്.ടി കൗണ്‍സല്‍ യോഗത്തിലാണ് തീരുമാനം.
നിലവില്‍ ഈ ആപ്പുകള്‍ ജി.എസ്.ടിയില്‍ ടി.സി.എസായാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഓണ്‍ലൈന്‍ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് പുതിയ നികുതി പ്രഖ്യാപിച്ചിട്ടില്ല, എന്നാല്‍ ജി.എസ്.ടി കളക്ഷന്‍ പോയന്റില്‍ മാറ്റം വരുത്തുക മാത്രമാണ് ചെയ്തതെന്ന് ജി.എസ്.ടി കൗണ്‍സല്‍ യോഗത്തിന് ശേഷം റവന്യൂ സെക്രട്ടറി തരുണ്‍ ബജാജ് പറഞ്ഞു.
ജി.എസ്.ടി കളക്ഷന്‍ പോയന്റില്‍ മാറ്റം വരിക മാത്രമാണ് ചെയ്യുന്നതെന്നും വില കൂടില്ലെന്നുമാണ് സര്‍ക്കാറിന്റെ പ്രതികരണം.
‘നിങ്ങള്‍ ഒരു ഓണ്‍ലൈന്‍ ആപ്പുവഴി ഭക്ഷണം വാങ്ങുകയാണെങ്കില്‍, ഇപ്പോള്‍ റസ്റ്ററന്റുകളാണ് നികുതി അടക്കുന്നത്. എന്നാല്‍ ചില റസ്റ്ററന്റുകളില്‍ തുക അടക്കാന്‍ തയാറാകുന്നില്ല. ഇനിമുതല്‍ റസ്റ്ററന്റിന് പകരം ഉപഭോക്താക്കളില്‍നിന്ന് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകള് നികുതി ഈടാക്കുകയും സര്‍ക്കാറിലേക്ക് അടക്കുകയും ചെയ്യും’ -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ നികുതി പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ഓണ്‍ലൈന്‍ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് ചില റസ്റ്ററന്റുകളില്‍ നികുതി വെട്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ചില റസ്റ്ററന്റുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുപോലുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2022 ജനുവരി ഒന്നുമുതലാണ് പുതിയ നികുതി പ്രാബല്യത്തില്‍ വരിക. ഇ കൊമോഴ്സ് കമ്പനികള്‍ക്ക് സോഫ്റ്റ്വെയര് മാറ്റത്തിന് വേണ്ടിയാണ് ഈ സമയം.