IndiaLatest

ഛത്തീസ്ഗഡ് ഏറ്റുമുട്ടലിൽ പരിക്കേറ്റ ജവാന്മാരെ സന്ദർശിച്ച് അമിത് ഷാ

“Manju”

റായ്പൂർ : ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ പരിക്കേറ്റ ജവാന്മരെ സന്ദർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജാപൂരിലെ സിആർപിഎഫ് ക്യാമ്പിലും ആശുപത്രിയിലും എത്തിയാണ് അദ്ദേഹം ജവാന്മാരെ സന്ദർശിച്ചത്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലും അമിത് ഷായോടൊപ്പം എത്തിയിരുന്നു.

വളരെ ധൈര്യത്തോടെയാണ് ജവാന്മാർ പോരാട്ടം നടത്തിയതെന്ന് അമിത് ഷാ പറഞ്ഞു. സുഹൃത്തുക്കൾ മരിക്കുന്നത് വേദനാജനകം തന്നെയാണ്. എന്നാൽ കമ്യൂണിസ്റ്റ് ഭീകരരുടെ നിരന്തരമായ ആക്രമണം കാരണം പ്രദേശത്തെ വികസനം പോലും മുരടിച്ചു കിടക്കുകയാണ്. കീഴടങ്ങാൻ തയ്യാറായി മുന്നോട്ട് വരുന്ന ഭീകരരെ നമ്മൾ സ്വീകരിക്കും എന്നാൽ ആക്രമിക്കാൻ മുൻകൈ എടുക്കുന്നവർക്ക് വേറെ വഴിയില്ല എന്ന് അദ്ദേഹം പറഞ്ഞു.

വീരമൃത്യു വരിച്ച നിങ്ങളുടെ സഹപ്രവർത്തകരുടെ ത്യാഗം വെറുതെയായില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് സൈനികരോട് അദ്ദേഹം ആവശ്യപ്പെട്ടു. അതോടൊപ്പം കേന്ദ്ര സർക്കാരിനെയും സംസ്ഥാന സർക്കാരിനെയും പൂർണമായും വിശ്വസിക്കണം. ജവാന്മാരുടെ എല്ലാ പ്രശ്‌നങ്ങളും കേന്ദ്ര സർക്കാർ മനസിലാക്കുന്നുണ്ടെന്നും സർക്കാർ എന്നും സൈന്യത്തോടൊപ്പമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. ആക്രമണത്തിൽ 22 സൈനികരാണ് വീരമൃത്യു വരിച്ചത്. 30 ഓളം സൈനികർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വിവരം അറിഞ്ഞതിന് പിന്നാലെ അസമിലെയും പശ്ചിമ ബംഗാളിലെയും പ്രചാരണം നിർത്തിവെച്ചുകൊണ്ടാണ് അമിത് ഷാ ഛത്തീസ്ഗഡിൽ എത്തിയത്.

കമ്യൂണിസ്റ്റ് ഭീകര വിരുദ്ധ പോരാട്ടത്തിൽ രാജ്യം ജയിക്കുമെന്ന് അമിത് ഷാ നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യത്ത് കമ്യൂണിസ്റ്റ് ഭീകരതയ്ക്കെതിരായ പോരാട്ടം ശക്തമായി തുടരുകയാണ്. കമ്യൂണിസ്റ്റ് ഭീകരർക്കെതിരായ പോരാട്ടം ദുർബലമാക്കില്ലെന്നും അങ്ങിനെ ചെയ്താൽ ജവാന്മാരുടെ ജീവത്യാഗം വ്യർത്ഥമാകുമെന്നും അമിത് ഷാ വ്യക്തമാക്കി.

Related Articles

Back to top button