IndiaLatest

ചെന്നൈയിൽ കനത്ത മഴ തുടരുന്നു; 4 ജില്ലകളിൽ പൊതുഅവധി

“Manju”

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിന്റെ ഭാഗമായി കനത്തമഴ തുടരുന്ന തമിഴ്‌നാട്ടില്‍ ചൊവ്വാഴ്ച നാലു ജില്ലകളില്‍ പൊതുഅവധി പ്രഖ്യാപിച്ചു. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പേട്ട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. വിദ്യാഭ്യാസസ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് ചീഫ് സെക്രട്ടറിയുടെ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

നാലുജില്ലകളിലേയും സ്വകാര്യസ്ഥാപനങ്ങളോട് ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ രണ്ടുജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചു. എന്‍.ടി.ആര്‍, കൃഷ്ണ ജില്ലകളിലാണ് അവധി.

ചെന്നൈ വിമാനത്താവളം തിങ്കളാഴ്ച രാത്രി 11 മണിവരെ അടച്ചിടുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. നേരത്തെ രണ്ടുമണിക്കൂര്‍ നേരത്തേക്കായിരുന്നു അടച്ചിട്ടത്. സബര്‍ബന്‍ തീവണ്ടികളും താത്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.

തമിഴ്‌നാടിന്റെ വടക്കന്‍ തീരപ്രദേശങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും അതിതീവ്രമഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
കനത്ത മഴ തുടരുന്ന ഇടങ്ങളില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരിന്റെ ഏജന്‍സികള്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനായി പ്രവര്‍ത്തിച്ചുവരികയാണെന്ന് ഗവര്‍ണര്‍ ആ.എന്‍. രവി അറിയിച്ചു. സാഹചര്യം സര്‍ക്കാർ നിരീക്ഷിച്ചുവരികയാണെന്നും ജനങ്ങള്‍ സുരക്ഷിതമായി അവരുടെ വീട്ടില്‍തന്നെ കഴിയണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

Related Articles

Back to top button