IndiaKeralaLatest

ബാലകൃഷ്ണപിള്ളയുടെ സംസ്‌ക്കാരം വൈകിട്ട് ; വീട്ടിലും എന്‍എസ്‌എസ് യൂണിയന്‍ ഓഫീസിലും പൊതുദര്‍ശനം

“Manju”

കൊട്ടാരക്കര: അന്തരിച്ച മുന്‍ മന്ത്രിയും കേരളാകോണ്‍ഗ്രസ് ബി യുടെ ചെയര്‍മാനുമായ ബാലകൃഷ്ണപിള്ളയുടെ സംസ്‌ക്കാരം വൈകിട്ട് 5 മണിക്ക് വാളകത്തെ തറവാട്ടു വീട്ടില നടക്കും. കൊട്ടാരക്കരയിലെ വീട്ടില്‍ ഒമ്ബതു മണി വരെ വീട്ടിലും അതിന് ശേഷം എന്‍എസ്‌എസിന്റെ പത്തനാപുരം താലൂക്ക് യൂണിയന്‍ ഓഫീസിലും പൊതുദര്‍ശനത്തിന് വെയ്ക്കും. കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുമ്ബോഴാണ് വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് അന്ത്യം സംഭവിച്ചത്. 86 വയസ്സായിരുന്നു.
ഇന്നലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ നടന്നതിന് പിന്നാലെ മകന്‍ ഗണേഷ് കുമാറിന്റെ വിജയത്തേക്കുറിച്ച്‌ അറിഞ്ഞിരുന്നു. അച്യൂതമേനോന്‍, കെ കരുണാകരന്‍, നയനാര്‍, ആന്റണി മന്ത്രിസഭകളില്‍ മന്ത്രിയായിരുന്ന അദ്ദേഹം നായര്‍ സര്‍വീസ് സൊസൈറ്റി(എന്‍എസ്‌എസ്) ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ്, മന്ത്രി, എംപി എന്നീ പദവികളും അലങ്കരിച്ചിട്ടുണ്ട്. കെ ബി ഗണേശ്കുമാര്‍ എംഎല്‍എ, ഉഷ മോഹന്‍ദാസ്, ബിന്ദു ബാലകൃഷ്ണന്‍ എന്നിവരാണ് മക്കള്‍. ബിന്ദു ഗണേശ്കുമാര്‍, മോഹന്‍ദാസ്, പി ബാലകൃഷ്ണന്‍ എന്നിവരാണ് മരുമക്കള്‍.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെ സജീവ രാഷ്ട്രീയപ്രവര്‍ത്തകനായി മാറിയ ആര്‍ ബാലകൃഷ്ണപിള്ള കേരളാകോണ്‍ഗ്രസിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയായിരുന്നു. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ കീഴൂട്ട് രാമന്‍ പിള്ളയുടെയും കാര്‍ത്ത്യായനിയമ്മയുടെയും മകനായി 1935 മാര്‍ച്ച്‌ എട്ടിനാണ് ബാലകൃഷ്ണപിള്ളയുടെ ജനനം. യുഡിഎഫിന്റെ രൂപീകരണത്തിലും കേരള കോണ്‍ഗ്രസിന്റെ രൂപീകരണത്തിലും നിര്‍ണായക പങ്കു വഹിച്ചു. 1964ല്‍ കേരള കോണ്‍ഗ്രസിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയായ അദ്ദേഹം പിന്നീട് എല്‍ഡിഎഫിന്റെ ഭാഗമായി.
2017 മുന്നാക്ക വികസന കമീഷന്‍ ചെയര്‍മാനുമായിരുന്നു. തിരുവിതാംകൂര്‍ സ്റ്റുഡന്റ്‌സ് യൂണിയനിലൂടെയാണ് പോതുരംഗത്തെത്തിയത്. പിന്നീട് തിരുകൊച്ചി വിദ്യാര്‍ഥി ഫെഡറേഷനില്‍ പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസില്‍ കെപിസിസി അംഗമായി. 1960 ല്‍ 25 ാം വയസ്സില്‍ നിയമസഭയില്‍ എത്തി. 1971 ല്‍ മാവേലിക്കരയില്‍ നിന്നും പാര്‍ലമെന്റംഗമായി. പിന്നീട് 1977 ല്‍ കേരള കോണ്‍ഗ്രസ് (ബി) രൂപീകരിച്ചു. നാലു മന്ത്രിസഭയില്‍ അംഗമായിരുന്ന അദ്ദേഹം അച്യുതമേനോന്‍ മന്ത്രിസഭയില്‍ ഗതാഗത എക്‌സൈസ് ജയില്‍ വകുപ്പ് മന്ത്രിയായിരുന്നു. 1980 ല്‍ നായനാര്‍ മന്ത്രിസഭയില്‍ വൈദ്യൂതി മന്ത്രിയായിരുന്നു. കെ. കരുണാകരന്‍, എ.കെ.ആന്റണി മന്ത്രിസഭകളിലായി മന്ത്രിയായി.
1960 ല്‍ 25 ാം വയസില്‍ പത്തനാപുരത്തുനിന്ന്! എം എല്‍ എ ആയി. 1965 ല്‍ കൊട്ടാരക്കരയില്‍നിന്നു വീണ്ടും വിജയിച്ചു. 1967ലും 1970ലും പരാജയപ്പെട്ടു. 1971ല്‍ മാവേലിക്കരയില്‍ നിന്നു ലോക്‌സഭാംഗമായി. 1977 മുതല്‍ 2001 വരെ തുടര്‍ച്ചയായി കൊട്ടാരക്കരയില്‍നിന്ന് ജയിച്ചു. 2006 ല്‍ ഐഷാ പോറ്റിയോടു പരാജയപ്പെട്ടു. ‘പഞ്ചാബ് മോഡല്‍ പ്രസംഗ’ത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു. 1982 – 87ല്‍ വൈദ്യുതി മന്ത്രിയായിരിക്കെ നടപ്പാക്കിയ ഇടമലയാര്‍, കല്ലട പദ്ധതികളുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ സുപ്രീംകോടതി അദ്ദേഹത്തെ ഒരുവര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.
മകനെപ്പോലെ തന്നെ രാഷ്ട്രീയത്തിനൊപ്പം സിനിമയിലും ടെലിവിഷന്‍ പരമ്ബരയിലും അഭിനയിച്ച പാരമ്ബര്യവും ബാലകൃഷ്ണപിള്ളയ്ക്ക്് ഉണ്ട്. ആര്‍ ബാലകൃഷ്ണ പിള്ള സിനിമയിലും അഭിനയിച്ചിട്ടുണ്ട്. 1978 ല്‍ കെ ആര്‍ മോഹനന്‍ സംവിധാനം ചെയ്ത അശ്വത്ഥാമാവ് എന്ന ചിത്രത്തിലും 1979ല്‍ പി ഗോപികുമാര്‍ സംവിധാനം ചെയ്ത ഇവളൊരു നാടോടിയിലും അഭിനയിച്ചു.
1980ല്‍ നാല്‍പ്പത്തിയഞ്ചാം വയസ്സില്‍ കെ എ ശിവദാസ് സംവിധാനം ചെയ്ത് സുകുമാരന്‍ നായകനായ ‘വെടിക്കെട്ടി’ലൂടെ വീണ്ടും അഭിനയിച്ചു. ‘വെടിക്കെട്ടി’ല്‍ അഭിനയിക്കുന്നതിനിടെ വൈദ്യുതി മന്ത്രിയായി. സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ് ചില രംഗങ്ങള്‍ ചിത്രീകരിച്ചത്. കലാനിലയം കൃഷ്ണന്‍ നായര്‍ നിര്‍മിച്ച ‘നീലസാരി’യിലും ചെറിയ വേഷത്തിലെത്തി. സി പി പദ്മകുമാര്‍ 1981 ല്‍ സംവിധാനം ചെയ്ത അപര്‍ണയിലും അഭിനയിച്ചു.

Related Articles

Back to top button