IndiaKeralaLatest

കോവിഡ് ബാധിതന്‍ കിടക്കകിട്ടാതെ മരിച്ചു

“Manju”

പത്തനംതിട്ട; ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കിടക്ക ഒഴിവില്ലാത്തതിനാൽ ചികിത്സ വൈകിയ കോവിഡ് ബാധിതൻ മരിച്ചു. പത്തനംതിട്ട കടമ്മനിട്ട സ്വദേശി എം.കെ.ശശിധരന്റെ മകൻ 38കാരനായ ധനീഷ് കുമാർ ആണ് മരിച്ചത്.
ഓക്സിജൻ ലെവൽ താഴ്ന്നതിനെ തുടർന്ന് സർക്കാർ ആശുപത്രിയെ സമീപിച്ചെങ്കിലും ഐസിയു കിടക്കകൾ ഒഴിവില്ലെന്നാണ് പറഞ്ഞത്. പിന്നീട് കാറിൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു.
8 ദിവസം മുൻപ് പനിയും ചുമയും കഫക്കെട്ടും അനുഭവപ്പെട്ടതിനെത്തുടർ‌ന്നാണ് കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്. കോവിഡ് സ്ഥിരീകരിച്ചെങ്കിലും ഓക്സിജന്റെ അളവ് കുറയുന്നുണ്ടെങ്കിൽ മാത്രം ആശുപത്രിയിൽ കിടത്തി ചികിത്സിക്കേണ്ട ആവശ്യമുള്ളൂ എന്ന് പറഞ്ഞു വീട്ടിലേക്ക് മടക്കി.
ഒരാഴ്ചയായി വീട്ടിൽ കഴിയുകയായിരുന്നു. ഇന്നലെ പുലർച്ചെ 4 മണിയോടെ സ്ഥിതി വഷളായി. ഓക്സിജൻ അളവ് 80ന് താഴെയെത്തി.
പഞ്ചായത്ത് അംഗം ഫിലിപ് അഞ്ചാനി ജില്ലാ കോവിഡ് കൺട്രോൾ സെല്ലിൽ അറിയിച്ചെങ്കിലും കോവിഡ് ചികിത്സയുള്ള 2 സർക്കാർ ആശുപത്രികളിലും ഐസിയു കിടക്ക ഒഴിവില്ലെന്നും ഏതെങ്കിലും സ്വകാര്യ ആശുപത്രിയിൽ ഉടനെ എത്തിക്കാനുമാണ് അവർ നിർദേശിച്ചത്. എന്നാൽ അവിടെ അന്വേഷിച്ചപ്പോൾ അവിടെ ഐസിയു ഒഴിവില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് ഫിലിപ് പറഞ്ഞു. സ്ഥിതി വഷളാകുന്നതായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അറിയിച്ചപ്പോൾ വേഗം കൊണ്ടുവന്നാൽ ഓക്സിജൻ നൽകാമെന്ന് മറുപടി ലഭിച്ചു. ആംബുലൻസ് വരാൻ താമസിക്കുമെന്നതിനാൽ വീട്ടുകാർ കാറിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

Related Articles

Back to top button