IndiaLatest

ആംബുലന്‍സ് ഡ്രൈവര്‍‍ ഈടാക്കിയത് 1.20 ലക്ഷം രൂപ

“Manju”

ഡല്‍ഹി : കൊറോണ വൈറസിന്റെ രണ്ടാം തരംഗം രാജ്യത്തെ പിടിമുറുക്കിയിരിക്കുകയാണ്. ഈ സമയത്തും കൊള്ളലാഭം കൊയ്യാനാണ് ചിലരുടെ ശ്രമം. ആംബുലന്‍സും ഓക്‌സിജനും മരുന്നുമൊന്നും കൃത്യസമയത്ത് ലഭിക്കാതെ വരുമ്പോള്‍ രോഗികളുടെ ബന്ധുക്കള്‍ ഇത്തരക്കാരുടെ കൊള്ളലാഭത്തിന് മുന്നില്‍ നിസഹായരാവുകയാണ്.

അത്തരത്തിലൊരു വാര്‍ത്തയാണ് ഡല്‍ഹിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് രോഗിയെ ആശുപത്രിയിലെത്തിച്ചതിന് 1.20 ലക്ഷം രൂപയാണ് ആംബുലന്‍സ് ചാര്‍ജായി ഈടാക്കിയത്. 350 കിലോമീറ്റര്‍ ദൂരത്തിനാണ് ഇത്രയും തുക ആംബുലന്‍സ് ഓപ്പറേറ്റര്‍ രോഗിയുടെ മകളില്‍ നിന്നും വാങ്ങിച്ചെടുത്തത്.

ഗുരുഗ്രാം സ്വദേശിനിയായ അമന്‍ദീപ് കൗറിന്റെ മാതാവ് സതീന്ദര്‍ കൗറിന് കോവിഡ് പോസീറ്റീവായിരുന്നു. ആരോഗ്യനില വഷളായതോടെ ഗുരുഗ്രാമില്‍നിന്ന് ലുധിയാനയിലെ ആശുപത്രിയിലെത്തിക്കാനായി ആംബുലന്‍സ് വിളിച്ചു. 1.40 ലക്ഷം രൂപയാണ് ആദ്യം കാര്‍ഡിയാകെയര്‍ ആംബുലന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ആംബുലന്‍സ് സര്‍വ്വീസ് കമ്പനി നടത്തി വരുന്ന 29 കാരനായ മിമോ കുമാര്‍ ബുന്ദ്വാള്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ തന്റെ കൈയില്‍ ഓക്‌സിജന്‍ സൗകര്യമുണ്ടായിരുന്നുവെന്ന് പറഞ്ഞപ്പോള്‍ 20,000രൂപ കുറച്ചുനല്‍കുകയായിരുന്നു. 20,000 രൂപ ആദ്യം ആംബുലന്‍സ് ഡ്രൈവര്‍ക്ക് പണമായി നല്‍കി. പിന്നീട് അമന്‍ദീപിന്റെ ഭര്‍ത്താവ് 95,000 രൂപ ആംബുലന്‍സ് കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. നിരക്ക് അമിതമാണെന്ന് പറഞ്ഞിട്ടും കുറക്കാന്‍ അയാള്‍ തയാറായില്ല. അമ്മയുടെ ആരോഗ്യം വഷളായതിനാല്‍ മറ്റു വഴികളില്ലാതെ പണം നല്‍കിയെന്ന് അമന്‍ദീപ് പറഞ്ഞു.

ലുധിയാനയിലെ ദുഗ്രിയിലെ ആശുപത്രിയില്‍ മാതാവിനെ പ്രവേശിപ്പിച്ചതിന് ശേഷം അമന്‍ദീപ് ആംബുലന്‍സ് ബില്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഡല്‍ഹി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. വെള്ളിയാഴ്ച ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഡ്രൈവര്‍ അമന്‍ദീപിന് പണം മടക്കിനല്‍കി. എന്നാല്‍ ഈ പണം കോവിഡ് രോഗികള്‍ക്ക് നല്‍കുമെന്ന് അമന്‍ദീപും കുടുംബവും പറഞ്ഞു.

Related Articles

Back to top button