International

പുതിയ സൈനിക താവളം : അമേരിക്കന്‍ നീക്കം തള്ളി പാകിസ്താന്‍

“Manju”

ഇസ്ലാമാബാദ്: അമേരിക്കയുടെ നീക്കം കണ്ടറിഞ്ഞ് പാകിസ്താന്‍റെ മുന്‍കൂര്‍ ജാമ്യം. അഫ്ഗാനില്‍ നിന്നും അമേരിക്കയും സഖ്യസേനയും പിന്‍വാങ്ങുന്നതോടെ മേഖലയില്‍ മറ്റൊരു സൈനിക താവളത്തിന് വേണ്ടിയുള്ള അമേരിക്കന്‍ നീക്കമാണ് പാകിസ്താന്‍ തള്ളിയത്. ഒരു വിദേശ ശക്തിക്കും തങ്ങളുടെ മണ്ണില്‍ സൈനിക സംവിധാനം ഒരുക്കില്ലെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി വ്യക്തമാക്കി.

‘ഒരു വിദേശശക്തിയ്ക്കും തങ്ങളുടെ മണ്ണില്‍ സൈനിക പരമായ ഒരു കേന്ദ്രവും തുറക്കാന്‍ അവസരം നല്‍കാനാകില്ല. അഫ്ഗാന്‍റെ സമാധാന ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കാനുള്ള ബാദ്ധ്യത പാകിസ്താനുണ്ട്. അതിനുള്ള എല്ലാവരുടെ സഹകരണവും ആവശ്യവുമുണ്ട്. അതിനാവശ്യമായ സൗകര്യങ്ങളൊരുക്കുക എന്നതിലാണ് മുന്‍ഗണന’ ഖുറേഷി പറഞ്ഞു.

അഫ്ഗാന്‍ കേന്ദ്രീകരിച്ച് അല്‍ഖ്വയ്ദയെ ദുര്‍ബലമാക്കിയ അമേരിക്ക വലിയ സമ്മര്‍ദ്ദത്തിനൊടുവലാണ് സൈനിക താവളം മാറ്റാന്‍ തീരുമാനിച്ചത്. എന്നാല്‍ ഏഷ്യന്‍ മേഖലയില്‍ ഇറാനേയും ചൈനയേയും നേരിടണമെന്ന അവസ്ഥയില്‍ അമേരിക്കയ്ക്ക് സ്ഥിരമായ ഒരു സൈനിക താവളം ആവശ്യമാണ്. പാകിസ്താനില്‍ നിന്നുകൊണ്ട് പരോക്ഷമായി ഇന്ത്യയുമായുള്ള ക്വാഡ് സഖ്യത്തിന്റെ ആനുകൂല്യവും നേടിയെടുക്കാന്‍ അമേരിക്ക ശ്രമിക്കുകയാണ്. എന്നാല്‍ ഇന്ത്യയുടെ ഏറ്റവും ശക്തനായ സുഹൃത്തിനെ മേഖലയില്‍ വരാതെ തടയാനും അതേസമയം ചൈനയെ പിണക്കാതിരിക്കാനുമാണ് ഇമ്രാന്‍ ഭരണകൂടത്തിന്‍റെ ശ്രമം.

അഫ്ഗാനില്‍ ശക്തിപ്രാപിച്ചുവരുന്ന താലിബാന്‍ ഭരണകൂടത്തിന് പരോക്ഷമായ പിന്തുണയാണ് പാകിസ്താന്‍ നല്‍കുന്നത്. പാക്ഭീകരരാണ് അഫ്ഗാനില്‍ നാശം വിതയ്ക്കുന്നത്. ഇതിനെതിരെ അഫ്ഗാന്‍ പ്രസിഡന്‍റ് അഷ്റഫ് ഗാനി കഴിഞ്ഞ ദിവസം ഖുറേഷിയോട് തുറന്നുതന്നെ നയം വ്യക്തമാക്കിയിരുന്നു. ചര്‍ച്ചയില്‍ പാകിസ്താന്‍ കുറച്ചുകൂടി ആത്മാര്‍ത്ഥത കാണിക്കണമെന്ന ഗാനിയുടെ പരാമര്‍ശം പാകിസ്താനുള്ള പരോക്ഷമായ മറുപടിയായിരുന്നു. ബ്രീട്ടീഷ് സൈനിക മേധാവിയുടെ മധ്യസ്ഥതയിലാണ് ഇരുരാജ്യങ്ങളും കൂടിക്കാഴ്ച നടത്തിയത്.

Related Articles

Back to top button