Kerala

കൊവിഡ് ബാധിച്ചവർ കഴിഞ്ഞത് താറാവ് ഷെഡ്ഡിൽ

“Manju”

നിരണം: തിരുവല്ല നിരണത്ത് കൊറോണ ബാധിച്ചവർ കഴിഞ്ഞത് താറാവ് ഷെഡ്ഡിൽ. സംഭവം മാദ്ധ്യമങ്ങളിലൂടെ വിവാദമായതിനെ തുടർന്ന് അധികൃതർ ഇടപെട്ട് ഇവരെ കോയിപ്രത്തെ കോവിഡ് കെയർ സെൻററിലേക്ക് മാറ്റി. നിരണം പഞ്ചായത്തിൽ ആറാം വാർഡിലെ പപ്പാത്ര അംബേദ്കർ കോളനി നിവാസികളായ രണ്ട് പേരാണ് കൊറോണ ബാധയെ തുടർന്ന് താറാവ് ഷെഡ്ഡിൽ അഭയം തേടിയത്. ഇന്നലെ മുതൽ ഇവർ ഈ ഷെഡ്ഡിൽ കഴിയുകയായിരുന്നു.

പ്രദേശത്ത് മഴ പെയ്തതോടെ ഓല മേഞ്ഞ ഷെഡ്ഡിലെ ഇവരുടെ താമസം ബുദ്ധിമുട്ടിലായിരുന്നു. വീടുകളിൽ കുഞ്ഞുങ്ങളും പ്രായമായവരും മറ്റ് രോഗികളും ഉളളതിനാലാണ് ഇവർ താറാവ് ഷെഡ്ഡിൽ അഭയം തേടിയത്. നിരണം പഞ്ചായത്തിൽ ഇതുവരെ സിഎഫ്എൽടിസികളോ ഡൊമിസിലിയറി കെയർ സെന്ററുകളോ ഒരുക്കിയിരുന്നില്ല. സ്‌കൂളിലേക്കെങ്കിലും തങ്ങളെ മാറ്റണമെന്ന് രോഗബാധിതർ ആവശ്യപ്പെട്ടെങ്കിലും ആരോഗ്യവകുപ്പോ പഞ്ചായത്തോ ഗൗനിച്ചില്ല. തുടർന്നാണ് മറ്റുളളവരുമായുളള സമ്പർക്കം ഒഴിവാക്കാനായി താറാവ് ഷെഡ്ഡിലേക്ക് മാറിയത്.

പതിനഞ്ചോളം കുടുംബങ്ങളാണ് പപ്പാത്ര അംബേദ്കർ കോളനിയിൽ താമസിക്കുന്നത്. ഇതിൽ പകുതി വീടുകളിലും കൊറോണ രോഗികൾ ഉണ്ട്. അതുകൊണ്ടു തന്നെ പുറത്തുനിന്നുളള പൊതു പ്രവർത്തകരും ഇവിടെ എത്താൻ മടിച്ചിരുന്നു. ഒടുവിൽ ഇവരാണ് വിവരം മാദ്ധ്യമങ്ങളെ അറിയിച്ചത്. ഈ മേഖല ഉൾപ്പെടുന്ന പഞ്ചായത്തിലെ ആറാം വാർഡ് മെമ്പർ കൊറോണ പിടിപെട്ടതിനെ തുടർന്ന് വീട്ടിൽ വിശ്രമത്തിലാണ്. ഇദ്ദേഹത്തിന് പുറത്തിറങ്ങാൻ കഴിയാത്തതിനാൽ നടപടികൾ ഏകോപിപ്പിക്കാനും കഴിഞ്ഞില്ല.

എന്നാൽ വിഷയം ശ്രദ്ധയിൽപെട്ടിരുന്നില്ലെന്നായിരുന്നു പഞ്ചായത്ത് പ്രസിഡന്റ് കെപി പുന്നൂസിന്റെ ആദ്യ പ്രതികരണം. മതിയായ സൗകര്യങ്ങൾ ജില്ലാ അധികൃതരോ ആരോഗ്യ വകുപ്പോ ഒരുക്കി നൽകാത്തതിനാലാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററോ കെയർ സെന്ററോ തുടങ്ങാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡിഎംഒയോട് ചോദിക്കുമ്പോൾ കളക്ടർ പറയുമെന്നും അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശം അനുസരിച്ച് ചെയ്യാനുമാണ് പറയുന്നത്. കെയർ സെന്റർ തുടങ്ങിയാൽ മെഡിക്കൽ ഓഫീസർ, ഡോക്ടർ തുടങ്ങിയ സംവിധാനങ്ങൾ വേണം. അത്തരം സൗകര്യങ്ങൾ ഒന്നും ചെയ്തു തന്നിട്ടില്ലെന്നും കെ.പി പുന്നൂസ് പറഞ്ഞു.

Related Articles

Back to top button