KeralaLatest

ആലപ്പുഴ തോട്ടപ്പള്ളി സ്പില്‍വേയുടെ 15 ഷട്ടറുകള്‍ തുറന്നു

“Manju”

കൊച്ചി: കനത്ത മഴയെത്തുടര്‍ന്ന് അമ്പലപ്പുഴ തോട്ടപ്പള്ളി സ്പില്‍വേയുടെ 15 ഷട്ടറുകള്‍ തുറന്നു. പൊഴിമുറിക്കല്‍ പൂര്‍ത്തീകരിച്ചതോടെ വേലിയിറക്ക സമയത്ത് കടലിലേക്ക് വെള്ളമൊഴുകുന്നുണ്ട്. ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി കനത്ത മഴ പെയ്തതോടെ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു. ഇതോടെയാണ് വെള്ളപ്പൊക്കം ഒഴിവാക്കാന്‍ ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിച്ചത്. മൊത്തം 40 ഷട്ടറുകളാണുള്ളത്.
ജലനിരപ്പ് 1.05 മീറ്റര്‍ എത്തുമ്പോഴാണ് ഷട്ടറുകള്‍ തുറക്കുക. വേലിയിറക്ക സമയത്ത് തുറക്കുകയും വേലിയേറ്റ സമയത്ത് അടയ്ക്കുകയും ചെയ്യുന്ന രീതിയിലാണ് ഷട്ടറുകളുടെ പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നതെന്ന് ജലവിഭവവകുപ്പ് മെക്കാനിക്കല്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ വി അജയകുമാര്‍ പറഞ്ഞു.
വേലിയിറക്ക സമയത്ത് കൂടുതല്‍ ഷട്ടറുകള്‍ തുറക്കുകയാണ് ലക്ഷ്യം. വേലിയേറ്റ സമയത്ത് തിരികെ കടല്‍വെള്ളം കയറാനിടയുള്ളതിനാലാണ് ഷട്ടറുകള്‍ അടയ്ക്കുന്നത്. ജില്ല കലക്ടര്‍ എ അലക്സാണ്ടര്‍ ഇവിടം സന്ദര്‍ശിച്ച്‌ നീരൊഴുക്കും മറ്റു സ്ഥിതിഗതികളും വിലയിരുത്തി. ജലവിഭവ വകുപ്പ് മെക്കാനിക്കല്‍ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഷട്ടറുകള്‍ തുറന്നത്. ഷട്ടറുകള്‍ തുറന്നതോടെ കിഴക്കന്‍ വെള്ളം സുഗമമായി കടലിലേക്ക് ഒഴുകുമെന്ന പ്രതീക്ഷയിലാണ് ജില്ല ഭരണകൂടം.

Related Articles

Back to top button