KasaragodKeralaLatest

കേന്ദ്രസര്‍വകലാശാലയില്‍ സ്വതന്ത്ര വൈറോളജി ലാബ്

“Manju”

ശ്രീജ.എസ്

കേന്ദ്രസര്‍വകലാശാലയില്‍ സ്വതന്ത്ര വൈറോളജി ലാബ്

കാസര്‍കോട്: കേരള കേന്ദ്രസര്‍വകലാശാലയില്‍ സ്വതന്ത്ര കോവിഡ് 19 പരിശോധനാ ലാബ് സ്ഥാപിക്കുന്നതിനായി സര്‍വകലാശാലയും സംസ്ഥാന ആരോഗ്യവകുപ്പും ധാരണാപത്രം ഒപ്പുവെച്ചു. ഭാവിയില്‍ കാസര്‍കോട് ജില്ലയിലെ അതിനൂതന വൈറസ് ഗവേഷണ രോഗനിര്‍ണയ ലാബായി വികസിപ്പിക്കുകയെന്ന ഉദ്ദേശത്തോടെയാണ് ലാബ് സ്ഥാപിക്കുന്നത്.

സര്‍വകലാശാലയുടെ പെരിയ ക്യാമ്പസിലെ ബയോകെമിസ്ട്രി ആന്റ് മോളിക്യുലാര്‍ ബയോളജി വിഭാഗത്തിലാണ് നിലവില്‍ ജില്ലയുടെ കോവിഡ് പരിശോധനാ ലാബ് സ്ഥിതി ചെയ്യുന്നത്. ആരോഗ്യവകുപ്പില്‍ നിന്നുള്ള മെഡിക്കല്‍ ലാബ് ടെക്‌നീഷ്യന്‍മാര്‍ക്ക് പുറമെ സര്‍വകലാശാല ഫാക്കല്‍റ്റി അംഗങ്ങളുടെയും വകുപ്പിലെ മുതിര്‍ന്ന ഗവേഷണ വിദഗ്ധരുടെയും പിന്തുണയോടെയാണ് ലാബ് പ്രവര്‍ത്തിക്കുന്നത്.

പുതുതായി സ്ഥാപിക്കുന്ന ലാബ് ക്യാമ്പസിനകത്ത് പ്രത്യേക കെട്ടിടത്തിലായിരിക്കും പ്രവര്‍ത്തിക്കുക. ഈ കെട്ടിടം ക്യാമ്പസിലെ പ്രധാന അക്കാദമിക് സമുച്ചയത്തില്‍ നിന്ന് വളരെ അകലെയായതിനാല്‍ വിദ്യാര്‍ത്ഥികളുടെയും യൂണിവേഴ്‌സിറ്റി ജീവനക്കാരുടെയും ആശങ്കയില്ലാതാക്കുമെന്ന് കോവിഡ് പരിശോധനാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ബയോകെമിസ്ട്രി ആന്റ് മോളിക്യുലാര്‍ ബയോളജി വകുപ്പ് മേധാവി ഡോ.രാജേന്ദ്ര പിലാങ്കട്ട പറഞ്ഞു.

സര്‍വകലാശാലയുടെ ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് നിലവില്‍ കോവിഡ് പരിശോധന നടത്തുന്നത്. പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതോടെ ഇത് വിദ്യാര്‍ത്ഥികള്‍ക്ക് വളരെ ആശ്വാസമാവും. ആരോഗ്യവകുപ്പിന്റെ പിന്തുണയോടെ സ്വതന്ത്ര ഗവേഷണ കേന്ദ്രമായി വികസിപ്പിക്കുമ്പോള്‍ വൈറസ് അധിഷ്ഠിത രോഗങ്ങള്‍ പരിശോധിക്കാനും ഗവേഷണം നടത്താനും സാധിക്കും. ഉയര്‍ന്ന നിലവാരമുള്ള ലാബ് സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത ജില്ലയിലെയും കണ്ണൂരിലെയും രോഗികള്‍ക്ക് ഇത് വലിയ സഹായമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button