IndiaLatest

വനിതാ ക്രിക്കറ്റ് താരങ്ങളുടെ വാര്‍ഷിക കരാറുകള്‍ പ്രഖ്യാപിച്ചു

“Manju”

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്കുള്ള വാര്‍ഷിക കരാറുകള്‍ പ്രഖ്യാപിച്ച്‌ ബിസിസിഐ. 19 കളിക്കാര്‍ക്കാണ് ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ അടുത്ത വര്‍ഷം സെപ്റ്റംബര്‍ വരെയുള്ള കാലയളവിലേക്ക് വാര്‍ഷിക കരാറുകള്‍ പ്രഖ്യാപിച്ചത്.
കഴിഞ്ഞ വര്‍ഷം 22 കളിക്കാര്‍ക്ക് വാര്‍ഷിക കരാറുകള്‍ നല്‍കിയിരുന്നു. മൂന്ന് വിഭാഗമായാണ് കരാറുകള്‍ പ്രഖ്യാപിച്ചത്.

50 ലക്ഷം രൂപ വാര്‍ഷിക പ്രതിഫലമുള്ള ഗ്രേഡ് എ, 30 ലക്ഷം രൂപ വാര്‍ഷിക പ്രതിഫലമുള്ള ഗ്രേഡ് ബി, 10 ലക്ഷം രൂപ വാര്‍ഷിക പ്രതിഫലമുള്ള ഗ്രേഡ് സി കരാറുകളാണ് ബിസിസിഐ വനിതാ താരങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്നത്. ഗ്രേഡ് എ വിഭാഗത്തില്‍ മൂന്ന് താരങ്ങളാണുള്ളത്. സ്മൃതി മന്ദാന, ഹര്‍മന്‍പ്രീത് കൗര്‍, പൂനം യാദവ് എന്നിവര്‍. കഴിഞ്ഞ വര്‍ഷം കരാര്‍ ലഭിച്ച കൗമാരതാരം ഷെഫാലി വര്‍മയെ സി ഗ്രേഡില്‍ നിന്ന് ബി ഗ്രേഡിലേക്ക് ഉയര്‍ത്തി.

ഷെഫാലിക്ക് പുറമെ പൂനം റാവത്തിനെയും രാജേശ്വരി ഗെയ്ക്വാദിനെയും സി ഗ്രേഡില്‍ നിന്ന് ബി ഗ്രേഡിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം, കഴിഞ്ഞ വര്‍ഷം കരാര്‍ ലഭിച്ച വേദ കൃഷ്ണമൂര്‍ത്തി, ഏക്താ ബിഷ്ത്, അനുജ പാട്ടീല്‍, ഡി ഹേമലത എന്നിവരെ ഇത്തവണ കരാറില്‍ നിന്ന് ഒഴിവാക്കി.

ജൂണിലും ജൂലൈയിലുമായി ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പരമ്പരക്ക് മുന്നോടിയായി മുംബൈയില്‍ ക്വാറന്റീനിലാണ് ഇപ്പോള്‍ വനിതാ താരങ്ങള്‍. ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റും മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും അടങ്ങിയ പരമ്പരയിലാണ് ഇന്ത്യ കളിക്കുക.

 

Related Articles

Back to top button