IndiaKeralaLatest

കൊവിഡിന് സിദ്ധൗഷധം

“Manju”

കൊല്ലം: കൊവിഡ് പോലുള്ള വൈറസ് രോഗങ്ങള്‍ ചെറുക്കാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സിദ്ധ ഔഷധങ്ങള്‍ക്ക് സാധിക്കുമെന്ന് ആയുഷ് മന്ത്രാലയം പ്രഖ്യാപിച്ചിട്ടും വേണ്ടത്ര പ്രചാരം ലഭിക്കാതെ സിദ്ധവൈദ്യം.
കൊവിഡ് പ്രതിരോധത്തിന് സിദ്ധയിലെ കഫസുര കുടിനീരിന് ആയുഷ്‌ മന്ത്രാലയം അടുത്തിടെ അനുമതി നല്‍കിയിരുന്നു. ഇതിനൊപ്പം നിലവേമ്ബ് കുടിനീരും പ്രതിരോധശക്തിക്ക് ഉത്തമമാണെന്ന് സിദ്ധ ഡോക്ടര്‍മാര്‍ പറയുന്നു.
വൈറസിന്റെ പ്രഹരശേഷിയും രോഗബാധിതന്റെ പ്രതിരോധ ശേഷിയുമാണ് മഹാമാരിയുടെ വ്യാപന തോത് നിശ്ചയിക്കുന്നത്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുമെന്നതിനാല്‍ സിദ്ധ ഔഷധങ്ങളുടെ പ്രസക്തി തള്ളിക്കളയാനാവില്ല.
എല്ലാവര്‍ക്കും നിലവേമ്ബ് കുടിനീര്‍ ഉപയോഗിക്കാമെന്ന് സിദ്ധ വിദഗ്ദ്ധര്‍ പറയുന്നു. പനിക്ക് അത്യുത്തമമായ മരുന്ന് എന്ന രീതിയില്‍ തമിഴ്‌നാട് സര്‍ക്കാര്‍ നിലവേമ്ബ് കുടിനീരിനെ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്.
കഫസുര കുടിനീര്‍ (കഫജ്വര കഷായം)
സെന്‍ട്രല്‍ കൗണ്‍സില്‍ ഒഫ് റിസര്‍ച്ച്‌ ഇന്‍ സിദ്ധയും (സി.സി.ആര്‍.എസ്) ആയുഷ് മന്ത്രാലയവും സംയുക്തമായി കൊവിഡ് രോഗികളില്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്തിയതിനെ തുടര്‍ന്ന് കഫസുര കുടിനീര്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിഞ്ഞിട്ടുണ്ട്. പരമാവധി ആളുകള്‍ക്ക് പ്രയോജനം ലഭിക്കുന്നതിന് സര്‍ക്കാര്‍ – സ്വകാര്യ മേഖലകളില്‍ മരുന്ന് ഉപയോഗിക്കാനാണ് ആയുഷ് മന്ത്രാലയം നിര്‍ദ്ദേശിച്ചത്. കഫസുര കുടിനീരിന് കഫജ്വര കഷായം എന്നും പേരുണ്ട്. ജ്വരം, കഫക്കെട്ട്, ശ്വാസതടസം എന്നിവയ്ക്കും ശരീരത്തിന്റെ രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാനും ഉത്തമ ഔഷധമാണ്.
നിലവേമ്ബ് കുടിനീര്‍
കിരിയാത്ത് എന്ന് അറിയപ്പെടുന്ന ഔഷധസസ്യമാണ് സിദ്ധ വൈദ്യത്തില്‍ നിലവേമ്ബ്. സിദ്ധ വൈദ്യഗ്രന്ഥമായ സിദ്ധ വൈദ്യത്തിരട്ടില്‍ കുളിര്‍ സുരം, പിത്ത സുരം, നടുക്കു സുരം തുടങ്ങി എല്ലാ വിധ പകര്‍ച്ചപ്പനികള്‍ക്കും നിലവേമ്ബ് കുടിനീര്‍ ഫലപ്രദമാണെന്ന് പറയുന്നു. പകര്‍ച്ചപ്പനികള്‍ പ്രതിരോധിക്കാന്‍ ശേഷിയുണ്ട്.
നിലവേമ്ബ് കുടിനീരിന്റെ ശാസ്ത്രീയത
1. ഡല്‍ഹിയിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ജനറ്റിക് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്‌നോളജിയാണ് പഠനം നടത്തിയത്
2. വൈറസ് മൂലമുള്ള രോഗങ്ങളെ നശിപ്പിക്കാനും പ്രതിരോധിക്കാനും ശരീരത്തിലെ ശ്വേത രക്തകോശങ്ങള്‍ക്ക് സാധിക്കും
3. ശ്വേത രക്താണുക്കളായ മോണോസൈറ്റ്സ്, മാക്രോ ഫെജസ് എന്നിവയില്‍ നടത്തിയ പരീക്ഷണത്തില്‍ പ്രതിരോധശേഷി കൂട്ടുന്നതിനൊപ്പം കോശങ്ങള്‍ക്ക് വൈറസുകളില്‍ നിന്ന് സംരക്ഷണവും നല്‍കുന്നതായി കണ്ടെത്തി
4. ആന്റിബോഡി ഉത്പാദിപ്പിക്കാതെ ശരീരത്തിലെ മ്യുകോസല്‍ പ്രതിരോധ പ്രതിപ്രവര്‍ത്തനം സാദ്ധ്യമാക്കിയാണ് പ്രതിരോധ ശക്തി തീര്‍ക്കുന്നത്
5. ലിംഫോസൈറ്റിസ്, മാക്രോ ഫെജസ് എന്നീ ശ്വേത രക്താണുക്കളെ ശക്തിപ്പെടുത്താനാകുമെന്നും തെളിഞ്ഞിരുന്നു.
ചേരുവകള്‍
കഫസുര കുടിനീര്‍ (കഫജ്വര കഷായം): ആടലോടകം, ആക്കിരകാരം, പനിക്കൂര്‍ക്ക, തിപ്പിലി, ചിറ്റമൃത്, മുത്തങ്ങ, ചെറുതേക്ക്, കൊട്ടം, കിരിയാത്ത്, കടുക്ക, ഗ്രാമ്ബു, വയല്‍ചുള്ളി, പാടക്കിഴങ്ങ്, ചുക്ക്, കൊടിത്തൂവ
നിലവേമ്ബ് കുടിനീര്‍: കിരിയാത്ത്, രാമച്ചം, ചന്ദനം, വിലാമിച്ചവേര്‍, പര്‍പ്പടകപ്പുല്ല്, മുത്തങ്ങ, പേയ്പുടല്‍വള്ളി, ചുക്ക്, കുരുമുളക്
ഔഷധിയിലും സിദ്ധമരുന്ന്
ആയുര്‍വേദ ഔഷധ നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനമായ ഔഷധി 2018 മുതല്‍ സിദ്ധ ഓഷധ നിര്‍മ്മാണത്തിലേക്ക് കടന്നിരുന്നു. നിലവേമ്ബ് കുടിനീര്‍, ആടത്തോടെ കുടിനീര്‍, അമുക്കുര ചൂര്‍ണം, ഏലാദി ചൂര്‍ണം, പഞ്ചദീപാഗ്നി ചൂര്‍ണം തുടങ്ങി ഇരുപതോളം സിദ്ധ ഔഷധങ്ങള്‍ ഉത്പാദിപ്പിച്ച്‌ വിതരണം ചെയ്യുന്നുണ്ട്.

ആയുര്‍വേദവും സിദ്ധയും രണ്ടുതരം ചികിത്സാരീതിയാണ്. സിദ്ധ വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്ന രീതിയില്‍ തന്നെ ഔഷധസേവ നടത്തണം. നവമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന തരത്തിലുള്ള ഉപയോഗങ്ങള്‍ പ്രയോഗിക്കരുത്.

Related Articles

Back to top button