KeralaLatest

കോടതിവിധി സമൂഹത്തിനുള്ള മുന്നറിയിപ്പ്

“Manju”

തിരുവനന്തപുരം: വിസ്മയക്കേസില്‍ കുറ്റക്കാരനായ കിരണ്‍ കുമാറിന് ശിക്ഷ വിധിച്ചതിന്റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി വനിത കമ്മീഷന്‍. അന്യന്റെ വിയര്‍പ്പ് സ്ത്രീധനമായി വാങ്ങി സുഖലോലുപതയില്‍ കഴിയാമെന്ന് കരുതുന്ന വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ക്ക് ശക്തമായ താക്കീതാണ് കോടതി വിധിയെന്ന് വനിത കമ്മീഷന്‍ അദ്ധ്യക്ഷ പി. സതീദേവി പറഞ്ഞു.

ഒരു കാരണവശാലും സ്ത്രീധനം വാങ്ങി വിവാഹം കഴിക്കില്ലായെന്ന പ്രതിജ്ഞ നിറവേറ്റാന്‍ യുവസമൂഹം തയ്യാറാകണം. വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ സ്ത്രീധനത്തിനെതിരായി സ്വീകരിക്കുന്ന പ്രതിജ്ഞ കോളേജ് വിട്ട് പുറത്തുകടന്നാല്‍ വിസ്മരിക്കരുതെന്നും വനിത കമ്മീഷന്‍ അദ്ധ്യക്ഷ കൂട്ടിച്ചേര്‍ത്തു.

പെണ്‍കുട്ടികളെ കേവലം ഒരു ബാധ്യതയായി കണ്ട് ആരുടെയെങ്കിലും തലയില്‍ വെച്ചുകെട്ടുന്ന സമീപനം രക്ഷിതാക്കള്‍ മാറ്റണം. എല്ലാ പൗരാവകശങ്ങളുമുള്ളവരാണ് പെണ്‍കുട്ടികളെന്ന് മാതാപിതാക്കള്‍ തിരിച്ചറിയണം. സമഭാവനയുടെ അന്തരീക്ഷമുള്ള സമൂഹത്തില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും വളരേണ്ടത് അത്യാവശ്യമാണെന്നും പി. സതീദേവി പ്രതികരിച്ചു.

അതേസമയം കേസിന്റെ വിധി വന്നപ്പോള്‍ വിസ്മയയുടെ കുടുംബം വൈകാരികമായാണ് പ്രതികരിച്ചത്. ജീവപര്യന്തമാണ് പ്രതീക്ഷിച്ചിരുന്നതെന്ന് വിസ്മയയുടെ അമ്മ പറഞ്ഞു. എന്നാല്‍ മകള്‍ക്ക് നീതി ലഭിച്ചുവെന്ന് വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍ പ്രതികരിച്ചു. മൂന്ന് വകുപ്പുകളിലായി 18 വര്‍ഷം ശിക്ഷയാണ് കിരണ്‍ കുമാറിന് കോടതി വിധിച്ചത്. ഇത് ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതിയാകും. കൂടാതെ പന്ത്രണ്ടര ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു. ഇതില്‍ രണ്ട് ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കള്‍ക്കാണ് നല്‍കേണ്ടത്.

Related Articles

Back to top button