IndiaKeralaLatest

മേക്കപ്പ് ഈശ്വരിയെ കുടുക്കി കെഎസ്‌ആര്‍ടിസി ഡ്രൈവര്‍

“Manju”

പാലാ: തിരക്കേറിയ സ്ഥലങ്ങളില്‍ വിദഗ്ദ്ധമായി മാല കവരുന്ന കുപ്രസിദ്ധ മോഷ്ടാവ് ‘മേക്കപ്പ് ഈശ്വരി അറസ്റ്റിലായി.
ഇന്നലെ ഏറ്റുമാനൂര്‍ – പാലാ റൂട്ടില്‍ ബസ് യാത്രികയായ ഏറ്റുമാനൂര്‍ സ്വദേശിനിയായ ചിന്നമ്മയുടെ രണ്ടര പവന്‍ സ്വര്‍ണമാലയാണ് ഈശ്വരി അടിച്ചുമാറ്റിയത്. ചിന്നമ്മയും മകള്‍ ഷേര്‍ളി, അയല്‍വാസികളായ സിജ, വത്സമ്മ എന്നിവരും അരുവിത്തുറ പള്ളിയില്‍ പോകുന്നതിനായി കോട്ടയം – തൊടുപുഴ കെ.എസ്.ആര്‍.ടി.സി. ബസില്‍ കയറി. ബസില്‍ ഉണ്ടായിരുന്ന ഈശ്വരി ചിന്നമ്മയെ തന്റെ അടുത്ത് സീറ്റില്‍ വിളിച്ചിരുത്തി. ചേര്‍പ്പുങ്കലിലേക്ക് ടിക്കറ്റെടുത്തിരുന്ന ഈശ്വരി ചേര്‍പ്പുങ്കലിലെത്തിയപ്പോള്‍ വീണ്ടും പാലായിലേക്ക് ടിക്കറ്റെടുത്തു. ഇത് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ഷാജിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ബസ് പാലാ സ്റ്റാന്‍ഡിലെത്തിയപ്പോള്‍ ഈശ്വരി തിരക്കിട്ട് ആദ്യമേ ഇറങ്ങി.
സംശയം തോന്നിയ ഡ്രൈവര്‍ ഷാജി ചിന്നമ്മയോട് വല്ലതും നഷ്ടപ്പെട്ടോ എന്ന് ചോദിച്ചപ്പോഴാണ് മാല നഷ്ടപ്പെട്ടത് മനസിലായത്. ഇതിനിടെ ഈശ്വരി കോട്ടയത്തേക്കുള്ള ബസില്‍ കയറിയിരുന്നു. പിന്നാലെ ഓട്ടോറിക്ഷയില്‍ ചിന്നമ്മയും മൂന്നുപേരും പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡിലെത്തി ബസ് നിറുത്തിച്ച്‌ പരിശോധിച്ചപ്പോള്‍ കവര്‍ച്ചക്കാരിയെ കണ്ടെത്തി. മാല ബസിലിട്ട് രക്ഷപ്പെടാന്‍ ഈശ്വരി ശ്രമിച്ചെങ്കിലും സ്റ്റാന്‍ഡില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസെത്തി ഉടന്‍ കസ്റ്റഡിയിലെടുത്തു.
മധുര മുത്തുപ്പെട്ടി സ്വദേശിനിയായ മേക്കപ്പ് ഈശ്വരി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ കവര്‍ച്ച നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കട്ടിയില്‍ മേക്കപ്പ് അണിഞ്ഞു മാത്രം പുറത്തിറങ്ങെന്നതിനാലാണ് ‘മേക്കപ്പ് ഈശ്വരി ” എന്ന് വിളിക്കുന്നത്. പള്ളിയിലോ, ക്ഷേത്രത്തിലോ എത്തിയാല്‍ തീവ്രഭക്തയായി നടിക്കാനും മിടുക്കിയാണ്. കൊവിഡിന്റെ ഇടവേളയ്ക്ക് ശേഷം ഒന്നര മാസം മുമ്ബ് കേരളത്തിലേയ്ക്ക് വന്ന ഈശ്വരി ഇതിനോടകം പത്തുപവനോളം ആഭരണങ്ങള്‍ കവര്‍ന്നതായാണ് സൂചനയെന്ന് പാലാ സി.ഐ കെ.പി.ടോംസണ്‍, എസ്.ഐ എം.ഡി.അഭിലാഷ് എന്നിവര്‍ പറഞ്ഞു.
ഉത്സവ, പെരുനാള്‍ സീസണുകളില്‍ കേരളത്തിലേക്കെത്തുന്ന ഈശ്വരി ഇതിനോടകം വൈക്കം, കോട്ടയം, തലയോലപ്പറമ്ബ് ഭാഗങ്ങളില്‍ നിന്നായി മൂന്ന് പേരുടെ മാല കവര്‍ന്നതായി തെളിഞ്ഞു. ഇന്നലെ മാസാദ്യ വെള്ളിയാഴ്ച ആയതിനാല്‍ ചേര്‍പ്പുങ്കല്‍ പള്ളിയിലെത്തി മാല കവരുകയായിരുന്നു ലക്ഷ്യമെന്ന് ഈശ്വരി പറഞ്ഞു. ചിന്നമ്മയുടെ മാല എളുപ്പത്തില്‍ പൊട്ടിക്കാമെന്ന് കരുതിയെങ്കിലും നടക്കാതെ വന്നതുകൊണ്ടാണ് ചേര്‍പ്പുങ്കല്‍ ഇറങ്ങാതെ യാത്ര നീട്ടിയതെന്നും മൊഴി നല്‍കി. ഭര്‍ത്താവ് മൂര്‍ത്തിയോടൊപ്പം ഏറ്റുമാനൂരില്‍ വാടകയ്ക്ക് താമസിച്ചാണ് ഇവര്‍ മോഷണം നടത്തുന്നത്. പാലാ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related Articles

Back to top button