KeralaLatest

എംബിബിഎസ് പരീക്ഷ ക്രമക്കേട്: വിദ്യാര്‍ത്ഥികള്‍ക്കെതിരെ ആള്‍മാറാട്ടത്തിന് കേസെടുത്തു

“Manju”

കൊല്ലം: കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലെ എംബിബിഎസ് പരീക്ഷ ക്രമക്കേടില്‍ നടപടികള്‍ വേഗത്തിലാക്കി പോലീസ്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ ആള്‍മാറാട്ടത്തിന് കേസെടുത്തു. വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന തുടങ്ങിയ വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കണ്ണനല്ലൂര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ആള്‍മാറാട്ടം നടത്തിയ എഴുതിയ പരീക്ഷാ പേപ്പര്‍ പോലീസ് കണ്ടെടുക്കും. ആരോഗ്യ സര്‍വ്വകലാശാലയില്‍ നിന്നും രേഖകള്‍ ശേഖരിക്കുമെന്നും പോലീസ് അറിയിച്ചു. പരീക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൊഴിയും പോലീസ് ഉടന്‍ ശേഖരിക്കും. ഈ വര്‍ഷം ജനുവരി ആറിന് അസീസിയ മെഡിക്കല്‍ കോളേജില്‍ നടന്ന എംബിബിഎസ് പരീക്ഷയിലാണ് മൂന്ന് വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസ് പരിശോധനയില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തിയത്.

വിദ്യാര്‍ത്ഥികളുടെ കൈയക്ഷരത്തില്‍ വന്ന മാറ്റത്തെ തുടര്‍ന്നുളള അന്വേഷണത്തിലാണ് കോപ്പിയടി നടന്നതായി സ്ഥിരീകരിച്ചത്. ആള്‍മാറാട്ടം നടന്നായി സംശയവും ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് മൂന്ന് വിദ്യാര്‍ത്ഥികളേയും ഡീബാര്‍ ചെയ്തിരുന്നു. കോളേജില്‍ പരീക്ഷാ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവര്‍ക്കെതിരേയും നടപടി എടുത്തിട്ടുണ്ട്. പരീക്ഷാ ചുമതല വഹിച്ചവര്‍ കോളേജിന് പുറത്തുനിന്നുള്ളവരാണെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു.

2012ല്‍ എംബിബിഎസ് പ്രവേശനം നേടിയ ഈ വിദ്യാര്‍ത്ഥികള്‍ നേരത്തെ എഴുതിയ പല പരീക്ഷകളും പരാജയപ്പെട്ടിരുന്നു. ഒന്‍പത് വര്‍ഷമായിട്ടും ഇവര്‍ക്ക് എംബിബിഎസ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല, ഇതോടെയാണ് ആള്‍മാറാട്ടം നടത്തിയതെന്നാണ് വിലയിരുത്തല്‍. അതേസമയം പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ കോളേജില്‍ നിന്നുള്ളവരല്ലെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. പുറത്തു നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഇവര്‍.

Related Articles

Back to top button