KeralaLatest

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ്

“Manju”

പത്തനംതിട്ട ജില്ലയില്‍ ഉണ്ടായ ശക്തമായ മഴയേത്തുടര്‍ന്ന് ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് കോവിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കളക്ടറേറ്റില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കായി ചേര്‍ന്ന അടിയന്തര യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ വിവിധ മേഖലകളില്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ പലയിടങ്ങളിലും മതിയായ സൗകര്യം ലഭ്യമല്ല. അടിസ്ഥാന സൗകര്യങ്ങളുള്ള കൂടുതല്‍ കെട്ടിടങ്ങള്‍ കണ്ടെത്തണം. നിലവിലുള്ള കെട്ടിടങ്ങള്‍ക്ക് പരിമിതികളുണ്ടെങ്കില്‍ അവ ദുരിതാശ്വാസ ക്യാമ്പുകളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.

പുറമ്പോക്കുകളില്‍ വെള്ളം കെട്ടിക്കിടക്കുന്നത് ഒരു പരിധി വരെ വെള്ളപ്പൊക്കത്തിന് കാരണമാണെന്നും അവ കണ്ടെത്തി വെള്ളം ഒഴികിപ്പോകാനുള്ള ക്രമീകരണം ഒരുക്കണമെന്നും മാത്യു ടി തോമസ് എംഎല്‍എ ആവശ്യപ്പെട്ടു.കോന്നി മണ്ഡലത്തില്‍ നിലവില്‍ ക്യാമ്പുകളുടെ എണ്ണം കുറവാണെങ്കിലും മതിയായ ജാഗ്രത തുടരുമെന്ന് അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ശക്തമായ മഴ പെയ്താല്‍ കോസ് വേകള്‍ സഞ്ചാരയോഗ്യമല്ലാത്തതിനാല്‍ ജനങ്ങള്‍ക്ക് ഭക്ഷണം, മരുന്ന് എന്നിവ എത്തിക്കുന്നതിനായി ബോട്ട് സൗകര്യം ലഭ്യമാക്കണമെന്ന് അഡ്വ.പ്രമോദ് നാരായണന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ജനങ്ങള്‍ക്ക് യാത്രാസൗകര്യത്തിനായി റാന്നി മണ്ഡലത്തില്‍ പാലം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, എഡിഎം ഇ. മുഹമ്മദ് സഫീര്‍, തിരുവല്ല ആര്‍ഡിഒ, തഹസീല്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button