IndiaLatest

രാജ്യത്ത് ഒരു കുട്ടിയും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം

“Manju”

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയില്‍ അനാഥരായ ഒരു കുട്ടിയും രാജ്യത്ത് പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് സുപ്രീം കോടതി. കോടതിയുടെ പ്രത്യേക ഉത്തരവിന് കാത്തിരിക്കാതെ ഇതിനായി നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി. കോവിഡിന് തുടക്കമിട്ട 2020 മാര്‍ച്ചിന് ശേഷം അനാഥരായ കുട്ടികളുടെ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാന്‍ പരമോന്നത കോടതി ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ രാജ്യത്തെ ശിശു സംരക്ഷണ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിര്‍ണ്ണായക നിര്‍ദേശം. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യത്ത് എത്ര കുട്ടികളാണ് അനാഥരായത് എന്നോ പട്ടിണി കിടക്കുന്നത് എന്നോ അറിയില്ലെന്ന് ഹര്‍ജി പരിഗണിച്ച ബെഞ്ചിലെ അംഗമായ ജസ്റ്റിസ് എല്‍ നാഗേശ്വര റാവു ചൂണ്ടിക്കാട്ടി.

ഇതിനിടെ രാജ്യത്തെ ചില സംസ്ഥാനങ്ങളില്‍ നിന്ന് കേള്‍ക്കുന്ന കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. എല്ലാ സംസ്ഥാനങ്ങളും 2020 മാര്‍ച്ചിന് ശേഷം അനാഥരായ കുട്ടികളുടെ വിവരങ്ങള്‍ ഞായറാഴ്ച വൈകുന്നേരത്തിന് മുമ്പ് അമിക്കസ് ക്യുറിക്ക് കൈമാറണം. ഒപ്പം പൂര്‍ണമായ വിവരങ്ങള്‍ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം. ദേശീയ ബാലാവകാശ കമ്മീഷന്റെ പോര്‍ട്ടല്‍ ആയ ‘ബാല്‍ സ്വരാജില്‍’ ആണ് വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യേണ്ടത്. അനാഥരായ കുട്ടികള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ ഉടന്‍ ചെയ്യണമെന്ന് കോടതി ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

അനാഥരാകുന്ന കുട്ടികള്‍ക്ക് സാമ്പത്തിക സഹായം അനുവദിച്ച കേരളത്തിന്റെ നടപടി മാധ്യമ വാര്‍ത്തകളിലൂടെ അറിഞ്ഞതായി ജസ്റ്റിസ് നാഗേശ്വര്‍ റാവു വാദം അറിയിച്ചു. സംഭവത്തില്‍ സ്വമേധയാ എടുത്ത ഹര്‍ജി അടുത്ത ചൊവ്വാഴ്ച പരിഗണിക്കാനായി കോടതി മാറ്റിയിട്ടുണ്ട് .

Related Articles

Back to top button