KeralaLatest

അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാ സ്കൂളുകളും ഉടന്‍ അടച്ചു പൂട്ടണം: ബാലാവകാശ കമ്മീഷന്‍

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകളും ഉടന്‍ അടച്ചു പൂട്ടണമെന്ന് ബാലവകാശ സംരക്ഷണ കമീഷന്‍ ഉത്തരവ്. 2021-2022 അദ്ധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കമ്മീഷന്‍ ഉത്തരവിറക്കി.

അംഗീകാരമില്ലാത്ത സ്‌കൂളുകളില്‍ നിലവില്‍ പഠിച്ചു വരുന്ന കുട്ടികള്‍ക്ക് തുടര്‍ പഠനം സാധ്യമാക്കുന്നതിനായി, സൗകര്യപ്രദമായി മറ്റ് സര്‍കാര്‍, എയ്ഡഡ്, അംഗീകൃത സ്‌കൂളുകളില്‍ പ്രവേശനം ഉറപ്പു വരുത്തേണ്ടതാണ്. അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തങ്ങളുടെ പരിധിയിലെ അംഗീകാരമുളള സ്‌കൂളുകളുടെ പട്ടിക തയ്യാറാക്കി നോട്ടീസ്‌ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കേണ്ടതും പൊതുജനങ്ങളുടെ അറിവിലേയായി പത്ര-ദൃശ്യ-മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തേണ്ടതുമാണ്.

അംഗീകാരവും സുരക്ഷിതത്ത്വവും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന വിവിധ സ്‌കൂളുകളെ കുറിച്ച്‌ ലഭിച്ച പരാതികള്‍ പരിശോധിച്ചശേഷമാണ് കമീഷന്‍ ഉത്തരവിറക്കിയത്. സംസ്ഥാനത്ത് യാതൊരുവിധ അംഗീകാരമോ അഫിലിയേഷനോ ഇല്ലാതെയും, ഫിറ്റ്‌നസ് സെര്‍ടിഫികറ്റ്‌പോലും നേടാതെയും, പഴക്കം ചെന്നതും, ദുര്‍ബലവും, കുട്ടികളുടെ ജീവന് ആപത്തു വരുന്ന വിധത്തിലുള്ളതുമായ കെട്ടിടങ്ങളില്‍ ഒട്ടേറെ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതായി കമീഷന് ബോധ്യപ്പെട്ടതായും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം സ്‌കൂളുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നതും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ലെന്നതും അത്യന്തം ഗൗരവത്തോടെ കമീഷന്‍ നോക്കിക്കാണുന്നെന്നും ഉത്തരവിലുണ്ട്.

എയ്ഡഡ് സ്‌കൂളുകളോട് ചേര്‍ന്ന് അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് എതിര്‍കക്ഷികള്‍ ഉറപ്പു വരുത്തേണ്ടതാണ്. സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ശുപാര്‍ശകളുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട വകുപ്പ് സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച റിപോര്‍ട് മെയ് 31ന് മുന്‍പായി കമ്മീഷന് സമര്‍പിക്കണമെന്നും കമ്മീഷന്‍ അംഗം റെനി ആന്റണിയുടെ ഉത്തരവില്‍ പറയുന്നു.

Related Articles

Back to top button