India

യാസ് ദുരിതാശ്വാസം: ഒഡീഷയ്ക്കും ബംഗാളിനും 1000 കോടി

“Manju”

കൊൽക്കത്ത: യാസ് ചുഴലിക്കാറ്റ് നാശം വിതച്ച ഒഡീഷയ്ക്കും പശ്ചിമ ബംഗാളിനും ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 1000 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. നാശനഷ്ടത്തിന്റെ വ്യാപ്തി നിർണ്ണയിക്കാൻ കേന്ദ്രം വിദഗ്ധ സംഘത്തെ സംസ്ഥാനങ്ങളിൽ വിന്യസിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് നൽകുന്ന 500 കോടിയ്ക്ക് പുറമെ കൂടുതൽ സഹായം നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

ഒഡീഷയ്ക്കും പശ്ചിമബംഗാളിനും ആവശ്യമായ എല്ലാ സഹായവും നൽകുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി. യാസ് ചുഴലിക്കാറ്റിനെ ഫലപ്രദമായി കൈകാര്യം ചെയ്തതിന് ഒഡീഷ സർക്കാരിനേയും ദുരന്തനിവാരണ പ്രവർത്തനം നടത്തുന്ന സേനാ വിഭാഗങ്ങളെയും നരേന്ദ്ര മോദി അഭിനന്ദിച്ചു. ദുരന്തം മറികടക്കാൻ എല്ലാ പിന്തുണയും പ്രധാനമന്ത്രി വാഗ്ദാനം ചെയ്യുകയും ചെയ്തു.

ഇന്ന് രാവിലെയോടെയാണ് യാസ് ചുഴലിക്കാറ്റിലെ നാശനഷ്ടങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഡിഷയിലും പശ്ചിമ ബംഗാളിലും എത്തിയത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല അവലോകന യോഗവും ചേർന്നിരുന്നു. ഗവർണർ ഗണേഷി ലാൽ, മുഖ്യമന്ത്രി നവീൻ പട് നായിക്, മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

അതേസമയം പ്രധാനമന്ത്രിയുമായി ചേർന്ന യോഗത്തിൽ അരമണിക്കൂറോളം വൈകിയാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എത്തിയത്. സ്ഥിതിഗതികളും നാശനഷ്ടങ്ങളും വിലയിരുത്താൻ മമതയുടെ ഓഫീസിൽ വിളിച്ച യോഗത്തിലാണ് വൈകിയെത്തിയത്.

ബംഗാളിൽ ഒരു കോടി ആൾക്കാരെയാണ് ചുഴലിക്കാറ്റ് ബാധിച്ചത്. മൂന്ന് ലക്ഷം വീടുകൾ നശിക്കുകയും ചെയ്തു. തീരമേഖലകളിൽ കാറ്റും ശക്തമായ മഴയും വൻനാശമുണ്ടാക്കി. കടൽത്തിരകൾ കിലോമീറ്ററുകളോളം കരയിലേക്കു കയറി. ഒഡിഷയിൽ 128 ഗ്രാമങ്ങളിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ഒഡിഷയിൽ 5.8 ലക്ഷം പേരെയും ബംഗാളിൽ 15 ലക്ഷം പേരെയും സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയതിനാൽ ആളപായം കുറയ്ക്കാനായി.

Related Articles

Back to top button