IndiaLatest

പ്രധാനമന്ത്രിയോട് പരാതി പറഞ്ഞ് 6 വയസുകാരി

“Manju”

ജമ്മുകാശ്മീര്‍: കോവിഡ് രണ്ടാംതരംഗത്തിന്റെ പിടിയിലാണ് രാജ്യം. ഇതിനിടയിലാണ് പുതിയൊരു അധ്യയന വര്‍ഷം കൂടി കടന്നു വരുന്നത്. കഴിഞ്ഞ വര്‍ഷത്തെപ്പോലെ തന്നെ ഇത്തവണയും ഓണ്‍ലൈന്‍ വഴിയാണ് ക്ലാസുകള്‍. സൂം, ഗൂഗിള്‍ മീറ്റ് വഴിയുള്ള പഠനം കുട്ടികള്‍ക്കും ഇപ്പോള്‍ ശീലമായത് പോലെയാണ്. ക്ലാസുകള്‍ വിര്‍ച്വല്‍ ആയ ഈ സാഹചര്യത്തിലാണ് ഒരു ആറു വയസുകാരിയുടെ വീഡിയോ വൈറലാകുന്നത്.

ജമ്മുകാശ്മീരില്‍ നിന്നുള്ള കുട്ടി അധിക പഠനഭാരത്തെക്കുറിച്ചും ഹോംവര്‍ക്കിനെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പരാതി പറയുന്നതാണ് വീഡിയോ. ‘അസലാമു അലൈക്കും മോദി സാബ്’ എന്ന് പറ‍ഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്. ആറു വയസുള്ള പെണ്‍കുട്ടിയാണെന്ന് സ്വയം പരിചയപ്പെടുത്തുന്നുമുണ്ട്.

ആറു വയസുള്ള കുട്ടിക്ക് ഇത്രയും ‘ജോലി’ എന്തിനാണെന്നാണ് കുട്ടി ചോദിക്കുന്നത്. വലിയ കുട്ടികള്‍ക്കാണ് ഇത്രയും ജോലി നല്‍കേണ്ടത്. രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് ക്ലാസ്. തനിക്ക് പഠിക്കേണ്ടി വരുന്ന വിഷയങ്ങളുടെ ലിസ്റ്റും പരാതിയില്‍ നിരത്തുന്ന കുട്ടി ഇതൊക്കെ വലിയ കുട്ടികള്‍ക്കല്ലേ വേണ്ടത് ചെറിയ കുട്ടികള്‍ക്ക് എന്തിനാണെന്നും ചോദിക്കുന്നു. ഇടയ്ക്ക് മോദി ‘സാര്‍’ ആണോ ‘മാഡം’ ആണോ എന്ന കണ്‍ഫ്യൂഷനും കുട്ടിക്കുണ്ടാകുന്നുണ്ട്. രസകരമായ വളരെ നിഷ്കളങ്കമായ ഈ പരാതി അധികം വൈകാതെ തന്നെ വൈറലായി.

ജമ്മുകാശ്മീര്‍ ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ ശ്രദ്ധയിലും ഈ വീഡിയോ എത്തിയിരുന്നു. ആരാധനീയമായ ഒരു പരാതി എന്നാണ് വീഡിയോ പങ്കുവച്ച്‌ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. ഇതിന് പുറമെ സ്കൂള്‍ കുട്ടികളില്‍ ഹോം വര്‍ക്കിന്റെ ഭാരം ലഘൂകരിക്കാനുള്ള ഒരു നയം രണ്ട് ദിവസത്തിനുള്ളില്‍ കണ്ടെത്താന്‍ വിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി. ‘വളരെ ആരാധനീയമായ ഒരു പരാതി. ഹോം വര്‍ക്കിന്‍റെ ഭാരം ലഘൂകരിക്കുന്നതിന് 48 മണിക്കൂറിനുള്ളില്‍ ഒരു നയം കൊണ്ടുവരാന്‍ സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടിക്കാലത്തെ നിഷ്കളങ്കത്വം ദൈവത്തിന്റെ ദാനമാണ്, അവരുടെ നാളുകള്‍ സജീവവും സന്തോഷവും ആനന്ദവും നിറഞ്ഞതായിരിക്കണം’. വീഡിയോ പങ്കുവച്ച്‌ ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു.

Related Articles

Back to top button