IndiaKeralaLatest

കൊടിക്കുന്നില്‍ സുരേഷിന്റെ ആഗ്രഹങ്ങള്‍ക്ക് ഫേസ്ബുക്കില്‍ പൊങ്കാലയിട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

“Manju”

തിരുവനന്തപുരം: കെപിസിസി അധ്യക്ഷപദവിയുമായി ബന്ധപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് എംപി ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ പൊങ്കാലയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഒരു ദിവസംകൊണ്ട് 1900 പേരാണ് പോസ്റ്റില്‍ കമന്റിട്ടത്. ഇതില്‍ വിരലിലെണ്ണാവുന്നത് ഒഴിച്ചാല്‍ ബാക്കിയെല്ലാം സുരേഷിനെതിരായ പ്രവര്‍ത്തകരുടെ വികാരമാണ് പ്രതിഫലിക്കുന്നത്.
താന്‍ കെപിസിസി പ്രസിഡന്റ് ആകണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന ചര്‍ച്ചകള്‍ക്ക് ഉള്ള പ്രതികരണം എന്ന നിലയിലാണ് കൊടിക്കുന്നില്‍ സുരേഷ് ഫേസ്ബുക്കില്‍ പ്രതികരണവുമായി എത്തിയത്. പിസിസി അധ്യക്ഷനാകാന്‍ തനിക്ക് യോഗ്യതയുണ്ടെന്ന അവകാശവാദവും കൊടിക്കുന്നില്‍ പോസ്റ്റിലുടനീളം മുമ്പോട്ടു വയ്ക്കുന്നുണ്ട്. നാളെ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നും മാറി നില്‍ക്കാന്‍ പാര്‍ട്ടി പറഞ്ഞാല്‍ തന്റെ ജീവിതത്തില്‍ ഒന്നും സംഭവിക്കില്ലെന്നൊക്കെ അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കുന്നു.
എന്നാല്‍ അദ്ദേഹം പറഞ്ഞതൊന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖവിലയ്ക്ക് എടുക്കുന്നില്ല എന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ കമന്റ് ബോക്‌സ്. കോണ്‍ഗ്രസിനെ പ്രതിസന്ധി ഘട്ടത്തില്‍ ഉപദ്രവിക്കരുതെന്നാണ് പല കമന്റുകളും. 1900 കമന്റുകളില്‍ 90 ശതമാനത്തിലേറെയും കെ സുധാകരനെ കെപിസിസി അധ്യക്ഷനാക്കണെമെന്നും ആവശ്യപ്പെടുന്നുണ്ട്.
35 കൊല്ലം എംപിയായി. കേന്ദ്രമന്ത്രിയായി. കെപിസിസി വര്‍ക്കിങ് പ്രസിഡന്റായി, വൈസ്പ്രസിഡന്റായി, ഡിസിസി പ്രസിഡന്റായി. എന്നിട്ടും പാര്‍ട്ടിയെ നന്നാക്കാന്‍ കഴിയാത്ത താങ്കള്‍ക്ക് ഇനി അതു കഴിയില്ലെന്നും ചിലര്‍ വിമര്‍ശിക്കുന്നു.
താങ്കളും മുല്ലപ്പള്ളിയും ഒരേ ഗണത്തില്‍ വരുന്ന നേതാക്കളാണെന്നും പാര്‍ട്ടിയിലേക്ക് പുതുതലമുറയെ ആകര്‍ഷിക്കാന്‍ താങ്കള്‍ക്ക് കഴിയില്ലെന്നും മറ്റൊരാള്‍ പറയുന്നു. കെ സുധാകരന്റെ വിവിധ വീഡിയോകളും പലരും പങ്കുവച്ചിട്ടുണ്ട്.
കൊടിക്കുന്നില്‍ സുരേഷിന്റെ മോഹം അതിരുവിട്ടതാണെന്നും കെ സുധാകരനെ പ്രസിഡന്റാക്കാന്‍ താങ്കള്‍ കൂടി പറയണമെന്നും ചിലര്‍ കൊടിക്കുന്നിലിനെ പരിഹസിക്കുന്നുണ്ട്. ഒരുവേള നിയന്ത്രണം വിട്ട കൊടിക്കുന്നില്‍ സുരേഷ് സാമൂഹ്യമാധ്യമങ്ങളല്ല കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കുന്നതെന്നും മറുപടി നല്‍കുന്നുണ്ട്.
കൊടിക്കുന്നിലിന്റെ പിസിസി അധ്യക്ഷ മോഹങ്ങള്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം തന്നെയാണ് സാമൂഹ്യ മാധ്യമത്തിലെ ഈ പ്രതികരണമെന്ന് വ്യക്തം. കൊടിക്കുന്നില്‍ സുരേഷിനെ വ്യക്തിപരമായി ഇഷ്ടപ്പെടുന്നവര്‍ പോലും അദ്ദേഹം പിസിസി അധ്യക്ഷനാകുന്നത് എതിര്‍ക്കുന്നുമുണ്ട്. നിലവിലെ അവസ്ഥയില്‍ കോണ്‍ഗ്രസിനെ തിരികെ അധികാരത്തിലെത്തിക്കാന്‍ സുരേഷിന് കഴിയില്ലെന്നു തന്നെയാണ് എല്ലാവരും പറയുന്നത്.

Related Articles

Back to top button