IndiaLatest

ജയിലില്‍ ‘സ്‌പെഷ്യല്‍’ ഡയറ്റ് ആവശ്യപ്പെട്ട് സുശീല്‍ കുമാര്‍

“Manju”

ദില്ലി ;യുവ ഗുസ്തി താരം സാഗര്‍ ദന്‍കര്‍ കൊലപാതകക്കേസില്‍ ജയിലില്‍ കഴിയുകയാണ് പ്രമുഖ ഗുസ്തി താരം
സുശീല്‍ കുമാര്‍. ഇപ്പോഴിതാ സുശീല്‍ കുമാര്‍ ജയിലില്‍ ‘സ്‌പെഷ്യല്‍’ ഡയറ്റ് ആവശ്യപ്പെട്ടു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഗുസ്തി താരം ആയതിനാല്‍ തന്നെ ഡയറ്റ്- വര്‍ക്കൗട്ട് എന്നീ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നയാളാണ് സുശീല്‍. ഇതിനുള്ള സൗകര്യങ്ങള്‍ ജയിലിലും നല്‍കണമെന്നായിരുന്നു സുശീലിന്റെ ആവശ്യം.

ഭക്ഷണത്തിനൊപ്പം സപ്ലിമെന്റുകളും വ്യായാമത്തിനുള്ള സംവിധാനങ്ങളും ഒരുക്കി നല്‍കാനും സുശീല്‍ ആവശ്യപ്പെട്ടിരുന്നു. ‘ഒമേഗ-3 കാപ്‌സ്യൂള്‍’, വര്‍ക്കൗട്ടിന് മുമ്പ് കഴിക്കുന്ന സപ്ലിമെന്റുകള്‍, വൈറ്റമിന്‍ ഗുളികകള്‍ എന്നിവയെല്ലാമാണ് സുശീല്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇവയൊന്നും തന്നെ ആവശ്യങ്ങളുടെ പട്ടികയില്‍ പെടുന്നതല്ല, മറിച്ച്‌ ആഗ്രഹങ്ങളുടെപട്ടികയില്‍ പെടുന്നതാണ്- അതിനാല്‍ തന്നെ അനുവദിക്കാന്‍ തരമില്ല എന്നായിരുന്നു കോടതിയുടെ പ്രതികരണം. ഒരു വ്യക്തിക്ക് ആവശ്യമായ പോഷകങ്ങളും മറ്റും എത്ര വേണമെന്നത് പരിശോധിച്ച്‌ മനസിലാക്കിയാണ് ജയില്‍ അന്തേവാസികളുടെ ഡയറ്റ് നിശ്ചയിച്ചിരിക്കുന്നതെന്നും 2018 ജയില്‍ നിയമം അനുസരിച്ച്‌ ‘ബാലന്‍സ്ഡ്’ ആയ ഡയറ്റ് ജയിലില്‍ നല്‍കപ്പെടുന്നതാണെന്നും കോടതി അറിയിച്ചു.

സുശീല്‍ കുമാര്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ അസുഖങ്ങളോ ഒന്നും നേരിടുന്ന വ്യക്തിയല്ലെന്നും കോടതി ഇതോടൊപ്പം വ്യക്തമാക്കി. ജയിലിനകത്ത് നിയമാനുസരണം എല്ലാവരും ഒരുപോലെയാണ് കഴിയേണ്ടതെന്നും കോടതി ഓര്‍മ്മപ്പെടുത്തി. സുരക്ഷാപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് സുശീലിനെ നിലവില്‍ ദില്ലി മണ്‍ഡോലി ജയിലിനകത്ത് ഒറ്റയ്‌ക്കൊരു സെല്ലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.

Related Articles

Back to top button