ശ്രീനഗര്‍: ഭീകരവാദത്തിന് പിന്തുണ നല്‍കിയെന്നാരോപിച്ച് വനിത സ്പെഷല്‍ പൊലീസ് ഓഫിസര്‍ അറസ്റ്റില്‍. ജമ്മു-കശ്മീര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. സുരക്ഷസേനയുടെ ജോലി തടസ്സപ്പെടുത്തിയെന്ന കുറ്റത്തിന് യു.എ.പി.എ ചുമത്തി കേസെടുത്ത് ഇവരെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. കുല്‍ഗാം ജില്ലയിലെ ഫ്രിസാല്‍ ഗ്രാമവാസിയായ സൈമ അഖ്തറിനെതിരെയാണ് നടപടി.
ഫ്രിസാല്‍ ഗ്രാമത്തിലെ കരേവ മൊഹല്ലയില്‍ തീവ്രവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യസന്ദേശത്തെ തുടര്‍ന്ന് ബുധനാഴ്ച തിരച്ചിലിനെത്തിയ സുരക്ഷ സേനയെ കൃത്യ നിര്‍വഹണത്തില്‍ നിന്ന് സൈമ തടസ്സപ്പെടുത്തിയെന്ന ആരോപണമാണ് പൊലീസ് ഉന്നയിക്കുന്നത്. അന്വേഷണ സംഘത്തിന്റെ തിരച്ചില്‍ മൊബൈലില്‍ പകര്‍ത്തിയ സൈമ, വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്നും തീവ്രവാദികള്‍ക്ക് അനുകൂലമായി സംസാരിച്ചുവെന്നും പൊലീസ് വക്താവ് വ്യക്തമാക്കി .