International

ഐഎസ് വിധവകളുടെ അഭയാർത്ഥി ക്യാമ്പുകളിലും ഭീകരത

“Manju”

അൽ ഹോൾ : ഐഎസ് ഭീകരരുടെ ഭാര്യമാർക്കായി സിറിയയിൽ നിർമ്മിച്ചിരിക്കുന്ന അഭയാർത്ഥി ക്യാമ്പുകളിൽ ഭീകരത വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഐഎസ് ആക്രമണങ്ങളിൽ കൊല്ലപ്പെടുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഭീകരരുടെ വിധവകൾക്കും കുഞ്ഞുങ്ങൾക്കും വേണ്ടിയാണ് സിറിയയിലെ അൽ ഹോളിൽ അഭയാർത്ഥി ക്യാമ്പ് നിർമ്മിച്ചിരിക്കുന്നത്. 736 ഏക്കർ വിസ്താരത്തിൽ കെട്ടിപ്പടുത്തിരിക്കുന്ന ക്യാമ്പിൽ ആക്രമണങ്ങളും ഭീകരതയും വർദ്ധിക്കുന്നു എന്നുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ഐഎസ് ഭീകരരെ സഹായിക്കുന്നതിനായി ക്യാമ്പിനുള്ളിലെ സ്ത്രീകൾ വിദേശ രാജ്യങ്ങളിൽ നിന്നും ധനസമാഹരണം നടത്തുന്നു എന്നും റിപ്പോർട്ടുകളുണ്ട്. രഹസ്യാന്വേഷണ ഏജൻസികളാണ് ഇത് സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തുവിട്ടത്.

അടിസ്ഥാനസൗകര്യങ്ങൾ ഒന്നുമില്ലാതെ 62,000 ത്തോളം പേർ തിങ്ങിപ്പാർക്കുന്ന ഒരു നഗരമായി മാറിയിരിക്കുകയാണ് ഐഎസിൻറെ അഭയാർത്ഥി ക്യാമ്പ്. ഐഎസ് ഭീകരസംഘടന ഉയർന്നുവന്നിരുന്ന കാലത്ത് സ്വന്തം രാജ്യം വിട്ട് സിറിയയിലെത്തിയവരാണ് ഇതിൽ പലരും. എന്നാൽ ഇവരെ തിരികെ കൊണ്ടുവരാൻ പോലും പല രാജ്യങ്ങളും മടിക്കുന്നു.

2021 ആരംഭിച്ചത് മുതൽ ക്യാമ്പിൽ നാൽപ്പതോളം കൊലപാതകങ്ങൾ നടന്നു എന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. തീവ്ര ഇസ്ലാമിക മത നിയമങ്ങളും ശരീയത്ത് നിയമങ്ങളുമാണ് ക്യാമ്പിനുള്ളിൽ പാലിക്കേണ്ടത്. ക്യാമ്പ് ഒരു ഖിലാഫത്ത് പ്രസ്ഥാനമായി മാറി എന്ന് തന്നെ പറയാം. കഴിഞ്ഞ വർഷം ക്യാമ്പിനുള്ളിലെ ഒരു സ്ത്രീയെ സ്വന്തം കുഞ്ഞിന്റെ മുന്നിൽ വെച്ച് ഭീകരർ ഷോക്ക് അടിപ്പിച്ച് കൊന്നു. നൃത്തം ചെയ്യുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചതിനായിരുന്നു ശിക്ഷ. ചാരവൃത്തി നടത്തിയെന്നാരോപിച്ച് 18 വയസുകാരിയെ വെടിവെച്ച് കൊന്ന സംഭവവുമുണ്ടായിരുന്നു.

ഖിലാഫത്ത് ഭരണത്തിന് കീഴിലുള്ള ജീവിതം ആഗ്രഹിച്ച് വന്ന പല സ്ത്രീകൾക്കും ഇത്തരത്തിലുള്ള അനുഭവങ്ങളാണ് പങ്കുവെയ്ക്കാനുള്ളത്. ക്യാമ്പ് വിട്ട് ഓടി പോയവരെ പിന്നീട് ആരും തന്നെ കണ്ടിട്ടില്ലെന്ന വിവരങ്ങളും ലഭിക്കുന്നുണ്ട്. ക്യാമ്പിൽ കുടൂതലായി ഉള്ളത് ഇറാഖി കുടുംബങ്ങളാണ്. സിറിയക്കാരും മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഭീകരരും ഇവിടെ വസിക്കുന്നുണ്ട്.

സ്ത്രീകളെ കരുവാക്കിയുളള ഭീകരരുടെ ധനസമാഹരണ പദ്ധതികളും ഇവിടെ നടപ്പിലാക്കുന്നുണ്ട്. സിറിയയിലെ ഐഎസ് ക്യാമ്പിൽ നിന്നും രക്ഷപ്പെടാൻ വിദേശ രാജ്യങ്ങളിൽ നിന്നും സഹായം ആവശ്യമാണ് എന്നുള്ള വീഡിയോകൾ ഭീകരർ പങ്കുവെയ്ക്കാറുണ്ട്. ഇത് സത്യമാണെന്ന് കരുതി കോടിക്കണക്കിന് ആളുകളാണ് പണം നൽകി സഹായിക്കാറുള്ളത്. എന്നാൽ ഇതെല്ലാം ഐഎസിന്റെ മറ്റ് ഭീകര പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത് എന്നാണ് വിവരം.

ക്യാമ്പിൽ നിന്നും രക്ഷപ്പെട്ട് പുറത്ത് പോകുന്നവരെ പിന്നീട് ആരും കണ്ടിട്ടില്ല. ഭരണകൂടത്തിനോ രഹസ്യാന്വേഷണ ഏജൻസികൾക്കോ അവരെ കണ്ടെത്താനായിട്ടുമില്ല. കാണാതാവുന്ന സ്ത്രീകളെ മറ്റ് രാജ്യങ്ങളിലേയ്ക്ക് കടത്തി പണം തട്ടുന്ന പ്രവർത്തിയാണ് സംഘടനകൾ നടത്തുന്നത്. ഐഎസ് ചാരവൃത്തിയ്ക്ക് വേണ്ടിയോ മറ്റ് ഭീകര സംഘടനകൾക്ക് വേണ്ടിയോ ആണ് ഇവരെ വിൽക്കുന്നത്. ഓരോരുത്തർക്കും ലക്ഷക്കണക്കിന് രൂപ ലഭിക്കും. പിന്നീട് മറ്റൊരു പേരിൽ മറ്റൊരു രാജ്യത്ത് ഇവർ ചാരപ്രവൃത്തികൾ ചെയ്യും എന്നും വിവരം ലഭിച്ചിട്ടുണ്ട്.

ക്യാമ്പിലെ എല്ലാവരുടേയും സ്ഥിതി ഇത് തന്നെ. മുസ്ലീം മതം പിന്തുടരാൻ ഐഎസ് ഭീകര സംഘടനയിൽ ചേർന്നവർ എല്ലാവരും പറയുന്നത് ഒന്നാണ്- ‘ഇതൊന്നും പ്രതീക്ഷിച്ചല്ല ഇവിടെ വന്നത്. വരുന്നതിന് മുൻപ് ഒന്നുകൂടി ആലോചിക്കാമായിരുന്നു. ഇനി ഒരിക്കലും ഇത്തരത്തിലൊരു വിശ്വാസവുമായി മുന്നോട്ട് പോകില്ല.’ ഇസ്ലാം സ്വീകരിച്ച് ഐഎസ് ഭീകര സംഘടനയിൽ ചേർന്ന ഒട്ടേറെ പെൺകുട്ടികളും അഭയാർത്ഥി ക്യാമ്പിലുണ്ട്. എന്നാൽ ഭീകരയ്ക്ക് പിന്നാലെ പോയവരെ തിരികെ എത്തിക്കാൻ ഒരു രാജ്യവും തയ്യാറാകുന്നില്ല.

Related Articles

Back to top button