KeralaLatest

നടന്‍ സത്യന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് അരനൂറ്റാണ്ട്

“Manju”

തിരുവനന്തപുരം: അനശ്വര നടന്‍ സത്യന്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് അരനൂറ്റാണ്ട് തികയുന്നു. മലയാള സിനിമയില്‍ നായക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ അതുല്യ നടനായിരുന്നു സത്യന്‍. മലയാള സിനിമാതാരങ്ങളിലെ ഒരേ ഒരു മാസ്റ്റര്‍. സത്യന്‍ മാഷിന്‍റെ ഓര്‍മ്മകളില്‍ മലയാള സിനിമ ലോകം.

അധ്യാപകന്‍, ഗുമസ്തന്‍, പട്ടാളക്കാരന്‍, പൊലീസ് , നാടക നടന്‍ അങ്ങിനെ ജീവിതത്തില്‍ പല വിധ വേഷങ്ങള്‍ ചെയ്ത സത്യനേശന്‍ നാടാരെന്ന തിരുവന്തപുരംകാരന്‍ മലയാള സിനിമയിലെ സത്യന്‍ മാസ്റ്ററായത് പകരംവെക്കാനില്ലാത്ത അഭിനയ പാടവം കൊണ്ടാണ്. പൊലീസുദ്യോഗ കാലത്ത് പരിചയപ്പെട്ട സെബാസ്റ്റ്യന്‍ കുഞ്ഞു കുഞ്ഞു ഭാഗവതരാണ് സത്യന് സിനിമയിലേക്ക് വഴി തുറന്നത് . ആദ്യ സിനിമ ത്യാഗ സീമ വെളിച്ചം കണ്ടില്ലെങ്കിലും 1952ല്‍ പുറത്തിറങ്ങിയ ആത്മസഖി വന്‍ വിജയമായി. പിന്നെ, തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. മലയാള സിനിമയുടെ വളര്‍ച്ചക്കൊപ്പം ആ മഹാനടനും നടന്നു.

നീലക്കുയിലിലെ ശ്രീധരന്‍നായര്‍ , തച്ചോളി ഒതേനന്‍, ഓടയില്‍ നിന്നിലെ പപ്പു, ചെമ്മീനിലെ പളനി , യക്ഷിയിലെ പ്രഫസര്‍ ശ്രീനിവാസന്‍ , മൂലധനത്തിലെ കമ്മ്യൂണിസ്റ്റ് നേതാവ് രവി, അനുഭവങ്ങള്‍ പാളിച്ചകളിലെ ചെല്ലപ്പന്‍ അങ്ങനെ സത്യന്‍റെ ഒരുപാട് കഥാപാത്രങ്ങള്‍ മലയാളത്തില്‍ ഇന്നും അനശ്വരമായി നിലകൊള്ളുന്നു.

കടല്‍പ്പാലത്തിലെ ഇരട്ട വേഷം മലയാളത്തിലെ ആദ്യ മികച്ച നടനുമാക്കി. പുറമെ വളരെ ലളിതമെന്ന് തോന്നിപ്പിച്ച അഭിനയശൈലി അസാധ്യമായ ആഴങ്ങള്‍ ഉള്ളതായിരുന്നു. അതുകൊണ്ടാണ് ഒരുതവണയെങ്കിലും സിനിമയില്‍ സത്യനെ കണ്ടവര്‍ക്ക് സത്യന്‍ അവിസ്മരണീയനാകുന്നത്. സൂപ്പര്‍ സ്റ്റാറായി തിളങ്ങുന്ന സമയത്ത് അപ്രതീക്ഷിതമായെത്തിയ കാന്‍സര്‍ സത്യന്റെ ജീവിതത്തില്‍ വില്ലനായി. വേദന കടിച്ചമര്‍ത്തി ഹൃദയത്തോട് ചേര്‍ന്ന സിനിമക്കൊപ്പം പിന്നെയും നീങ്ങിയെങ്കിലും രണ്ട് വര്‍ഷത്തിനപ്പുറം അത് പോയില്ല. 1971ലെ ഇതേ ദിനം , 51 ആം വയസില്‍ ആ കലാജീവിതം തിരശീലക്ക് പിന്നിലേക്ക് മാഞ്ഞു. മലയാള സിനിമ സത്യന് നല്‍കിയ ആ സിംഹാസനം പകരക്കാരനില്ലാതെ ഇന്നും ഒഴിഞ്ഞുകിടക്കുകയാണ്.

Related Articles

Back to top button