IndiaLatest

പഞ്ചാബ് കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം

“Manju”

ചണ്ഡീഗഢ്: കോണ്‍ഗ്രസ് എം.എല്‍.എമാരുടെ മക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനുള്ള പഞ്ചാബ് സര്‍ക്കാരിന്റെ തീരുമാനം വന്‍വിവാദത്തിലേക്ക്. തീരുമാനം പിന്‍വലിക്കണമെന്ന ആവശ്യവുമായി പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ജാഖറും രണ്ട് എം.എല്‍.എമാരും രംഗത്തെത്തി. ‍ കുടുംബങ്ങള്‍ ചെയ്ത ത്യാഗത്തിനുള്ള പ്രതിഫലമെന്ന നിലയിലാണ് രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ മക്കള്‍ക്ക് ജോലി നല്‍കുന്നതെന്ന് അമരീന്ദര്‍ സിങ് വ്യക്തമാക്കി. സംസ്ഥാന കോണ്‍ഗ്രസിലെ ഭിന്നതകള്‍ രൂക്ഷമാകുന്നതിനിടെയാണ് പുതിയ വിവാദം.
എന്നാല്‍ തീരുമാനം പിന്‍വലിക്കാനാകില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി. എം.എല്‍.എമാരായ അര്‍ജുന്‍ പ്രതാപ് സിങ് ബാജ്‌വയുടെയും ഭിഷം പാണ്ഡേയുടെയും മക്കളെ പോലീസ് ഇന്‍സ്‌പെക്ടര്‍, നായിബ് തഹസില്‍ദാര്‍ എന്നീ തസ്തികകളില്‍ നിയമിക്കാനുള്ള തീരുമാനം വെള്ളിയാഴ്ചയാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. ഇരുവരുടെയും മുത്തശ്ശന്മാര്‍ ഭീകരവാദികളാല്‍ കൊല്ലപ്പെട്ടിരുന്നു. ഈ കാരണം മുന്‍നിര്‍ത്തിയാണ് നിയമനം നല്‍കാന്‍ തീരുമാനിച്ചത്.
രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ മക്കള്‍ക്ക് ജോലി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കുമോ എന്ന ചോദ്യം ഉദിക്കുന്നില്ല. അവരുടെ കുടുംബങ്ങള്‍ ചെയ്ത ത്യാഗത്തോട് കാണിക്കുന്ന ചെറിയരീതിയിലുള്ള കൃതജ്ഞതയും പ്രതിഫലവുമാണിത്. ഈ തീരുമാനത്തിന് ചില ആളുകള്‍ രാഷ്ട്രീയനിറം നല്‍കുന്നു എന്നത് നാണക്കേടാണ്- അമരീന്ദര്‍ പറഞ്ഞതായി അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവ് രവീന്‍ തുക്രാല്‍ ട്വീറ്റ് ചെയ്തു

Related Articles

Back to top button