KeralaLatest

അന്താരാഷ്ട്ര ഒളിമ്പിക് ദിനം ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു

“Manju”

തിരുവനന്തപുരം: അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷത്തിന്റെ ഭാഗമായി കേരള ഒളിമ്പിക് അസോസിയേഷന്‍ സംഘടിപ്പിച്ച വെബിനാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്തു.പരസ്പര ബഹുമാനം, സൗഹൃദം, മികവ് എന്നീ മൂല്യങ്ങളാണ് ഒളിമ്പിക് ദിനം ഓര്‍മ്മപ്പെടുത്തുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു. പ്രായ ലിംഗ ഭേദമന്യേ എല്ലാവരും കായികയിനങ്ങളില്‍ പങ്കെടുക്കുന്നതിനായാണ് ഒളിമ്പിക് ദിനാഘോഷം സംഘടിപ്പിക്കുന്നത്. ആരോഗ്യമുള്ള ഭാവിയിലേക്ക് ശാരീരികവും മാനസികവുമായി കരുത്താര്‍ജിക്കുന്നതിന് കായിക പരിശീലനം ആവശ്യമാണ്. ശാരീരിക ക്ഷമത കൈവരിച്ചാല്‍ മാത്രമേ മാനസിക ഉണര്‍വ് ഉണ്ടാവൂ എന്നും ഏവരും വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഒളിമ്പിക് ദിനാചരണം സംഘടിപ്പിച്ച കേരള ഒളിമ്പിക് അസോസിയേഷനെ ഗവര്‍ണര്‍ അഭിനന്ദിച്ചു.

സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. കേരള താരങ്ങളെ ഭാവിയില്‍ ഒളിമ്പിക്‌സിലേക്ക് തയ്യാറാക്കുന്നതിനുള്ള ശ്രമത്തിലാണ് കായിക വകുപ്പെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയ്ക്കായി ഒളിമ്പിക് മെഡല്‍ കേരളത്തില്‍ നിന്നുള്ളവര്‍ നേടണമെന്നാണ് ആഗ്രഹം. ദേശീയ സീനിയര്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പട്യാലയിലേക്ക് തിരിച്ച 43 അംഗ കേരള ടീമില്‍ ഏറെ പ്രതീക്ഷയുണ്ട്. ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടാനുള്ള അവസരമാണിത്. കഴിഞ്ഞ ദിവസം വിടപറഞ്ഞ കായിക താരം മില്‍ഖാസിംഗിനെ ചടങ്ങില്‍ അനുസ്മരിച്ചു. ദേശീയ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റ് ഡോ.നരിന്ദര്‍ ദ്രുവ് ബത്ര മുഖ്യപ്രഭാഷണം നടത്തി. ജേക്കബ് പുന്നൂസ് ആശംസ അറിയിച്ചു. ചടങ്ങില്‍ കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റ് ബി സുനില്‍ കുമാര്‍, ട്രഷറര്‍ എം ആര്‍ രഞ്ജിത്ത്, ഡോ. ജി കിഷോര്‍, പത്മിനി തോമസ്, ബാലഗോപാല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു

Related Articles

Back to top button