IndiaLatest

15 വര്‍ഷങ്ങള്‍ക്ക് ശേഷം ട്രെയിനില്‍ യാത്ര ചെയ്യുന്ന ആദ്യ രാഷ്ട്രപതി

“Manju”

ന്യൂഡല്‍ഹി: പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ട്രെയിനില്‍ യാത്ര ചെയ്യുന്ന ആദ്യ രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ്. ഇന്ത്യയുടെ പരമോന്നത ഭരണഘടനാ പദവിയിലെത്തിയ ശേഷം ആദ്യമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉത്തര്‍പ്രദേശിലെ കാണ്‍പുരിലുള്ള സ്വന്തം ജന്മസ്ഥലം സന്ദര്‍ശിക്കുന്നു. സഫ്ദര്‍ജങ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കാണ്‍പുരിലേക്ക് തിരിക്കുന്ന പ്രത്യേക തീവണ്ടിയിലാണ് രാഷ്ട്രപതി തന്റെ യാത്ര ആരംഭിച്ചത്.

ജിന്‍ജാക്ക്, രുരാ എന്നീ രണ്ട് സ്ഥലങ്ങളില്‍ ട്രെയിനിന് പ്രത്യേക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. കാണ്‍പുരിലെ സ്‌കൂള്‍ കാലഘട്ടത്തിലെ ബാല്യകാല സുഹൃത്തുക്കളുമായി രാഷ്ട്രപതിക്ക് നേരിട്ട് സംസാരിക്കാനായാണ് ഇവിടെ സ്റ്റോപ്പുകള്‍ അനുവദിച്ചത്. ജന്മനാട് സന്ദര്‍ശിക്കണമെന്നത് രാഷ്ട്രപതി നേരത്തെ പദ്ധതിയിട്ടിരുന്നതാണെങ്കിലും കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തെ തുടര്‍ന്ന് ഇത് സാധ്യമായിരുന്നില്ല.

ജൂണ്‍ 27-ന് കാണ്‍പുരിലെ പരൗഖ് ഗ്രാമത്തില്‍ നടക്കുന്ന രണ്ട് സ്വീകരണ ചടങ്ങുകളില്‍ അദ്ദേഹം പങ്കെടുക്കും. കാണ്‍പൂര്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നിന്ന് ലഖ്നൗവിലേക്കും രാഷ്ട്രപതി ട്രെയിന്‍ മാര്‍ഗം തന്നെ യാത്ര തിരിക്കും. സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം ലക്‌നൗവില്‍ നിന്നും ഡല്‍ഹിയിലേക്ക് വിമാന മാര്‍ഗമാണ് അദ്ദേഹം എത്തുക. 2006 ല്‍ മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമാണ് രാഷ്ട്രപതി പദവിയിലിരിക്കെ അവസാനം ട്രെയിനില്‍ യാത്ര ചെയ്തത്. ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുക്കാന്‍ ഡെറാഡൂണിലേക്കായിരുന്നു അദ്ദേഹം അന്ന് യാത്ര ചെയ്തത്.

Related Articles

Back to top button