IndiaLatest

സാധാരണക്കാർക്കായി എസി ത്രീ ടയർ എക്കണോമിക് ക്ലാസ് കോച്ചുകൾ പുറത്തിറക്കി ഇന്ത്യൻ റെയിൽവേ

“Manju”

ന്യൂഡൽഹി : ഉയർന്ന വിലയുള്ള എസി കോച്ചുകൾ സാധാരണക്കാർക്ക് അപ്രാപ്യമാകുന്നതിന് പരിഹാരവുമായി ഇന്ത്യൻ റെയിൽവേ. സ്ലീപ്പർ ക്ലാസിനും നിലവിലുള്ള എസി ത്രീ ടയറിനും ഇടയിലായി പുതിയൊരു കോച്ചാണ് റെയിൽവേ പുറത്തിറക്കിയിരിക്കുന്നത്. കേന്ദ്ര റെയിൽ മന്ത്രി പിയൂഷ് ഗോയലാണ് എസി ത്രീ ടയർ എക്കണോമിക് ക്ലാസിന്റെ വിവരങ്ങൾ പങ്കുവെച്ചത്.

ലോകത്തിലെ ഏറ്റവും വിലക്കുറവുള്ള എസി ട്രെയിൻ യാത്രയാണെന്നാണ് റെയിൽവേ വ്യക്തമാക്കുന്നത്. കപൂർത്തലയിലെ റെയിൽകോച്ച് ഫാക്ടറിയിൽ നിന്ന് പുറത്തിറക്കിയ കോച്ചുകൾ ഇപ്പോൾ പരീക്ഷണ ഓട്ടം നടത്തുകയാണ്. കഴിഞ്ഞ ഒക്ടോബറിൽ യുദ്ധകാലാടിസ്ഥാനത്തിലാണ് കോച്ചുകളുടെ രൂപകൽപ്പനയും നിർമ്മാണവും ആരംഭിച്ചത്. സ്ലീപ്പർ കോച്ചുകളിൽ 72 പേർക്കാണ് സഞ്ചരിക്കാനാകുക. എന്നാൽ എക്കണോമി ക്ലാസുകളിൽ 83 പേർക്ക് സഞ്ചരിക്കാൻ കഴിയും.

പ്രകാശിക്കുന്ന ബർത്ത് നമ്പരുകളും ഇൻഡിക്കേറ്ററും ഈ കോച്ചുകളുടെ പ്രത്യേകതയാണ്. വെള്ളവും മൊബൈൽ ഫോണുകളും മാഗസിനുകളും സൂക്ഷിക്കാൻ സ്ഥലം ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ ബർത്തുകളിലും മൊബൈൽ ചാർജിംഗ് പോയിന്റുകളും റീഡിംഗ് ലൈറ്റുകളുമുണ്ട്. ഭിന്നശേഷിക്കാർക്ക് വേണ്ടി ഒരു ഭാഗത്ത് ടോയ്‌ലറ്റും സജ്ജീകരിച്ചിട്ടുണ്ട്. മിഡിൽ , അപ്പർ ബർത്തുകളിലേക്ക് കയറാനായി ആയാസ രഹിതമായ രൂപകൽപ്പനയാണുള്ളത്. എല്ലാറ്റിനുമുപരി മനോഹരമായ ഉൾഭാഗവും കോച്ചുകളുടെ പ്രത്യേകതയാണ്.

 

Related Articles

Back to top button