International

കൊറോണ കാലത്ത് ലഹരി ഉപയോഗം വർദ്ധിച്ചു:യുഎൻ

“Manju”

ജനീവ: 2020ൽ ലോകത്തെ 27.5 കോടി ജനങ്ങൾ ലഹരി ഉപയോഗിച്ചതായി ഐക്യരാഷ്ട്ര സഭയുടെ വേൾഡ് ഡ്രഗ്ഗ് റിപ്പോർട്ട്. 3.6 കോടി പേർ ലഹരിമരുന്ന് ഉപയോഗം മൂലം അസുഖ ബാധിതരായെന്നും യുഎന്നിന്റെ പഠനം വ്യക്തമാക്കുന്നു. കൊറോണ കാലത്ത് പല രാജ്യങ്ങളിലും കഞ്ചാവിന്റെ ഉപയോഗം കൂടി. 77 രാജ്യങ്ങളിലായി നടത്തിയ പഠനത്തിൽ 42 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു.

ഫാർമസ്യൂട്ടിക്കൽ ഡ്രഗ്‌സിന്റെ ഉപയോഗവും കൂടിയിട്ടുണ്ട്. കഴിഞ്ഞ 24 വർഷത്തിനിടെയിൽ ചില രാജ്യങ്ങളിൽ കഞ്ചാവിന്റെ ഉത്പാദനം കൂടിയതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ലഹരി മരുന്നുകളുടെ ഉപയോഗം ആരോഗ്യത്തിന് ഹാനീകരമാണെന്ന് വിശ്വസിച്ചിരുന്ന യുവാക്കുളുടെ എണ്ണം 40 ശതമാനമായി കുറഞ്ഞു. പലരും ഇന്ന് ലഹരി മരുന്നുകളിൽ ആശ്വാസം കണ്ടെത്തുന്നവരുമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

കഞ്ചാവിന്റെ ദീർഘകാല ഉപയോഗം ആരോഗ്യപരമായും അല്ലാതെയും ശരീരത്തെ ബാധിക്കുമെന്നതിൽ കൃത്യമായ പഠനങ്ങൾ നിലവിലുണ്ടായിട്ടും ഈ വർദ്ധന ആശങ്കയുയർത്തുന്നു. 15 മുതൽ 64 വയസിനിടയിൽ പ്രായമുള്ളവരിൽ 5.5 ശതമാനം ആളുകൾ ഒരു തവണയെങ്കിലും കഴിഞ്ഞ വർഷം ലഹരി മരുന്ന് ഉപയോഗിച്ചവരാണ്. 13 ശതമാനം പേർ മയക്കുമരുന്നിന്റെ ദോഷഫലം അനുഭവിക്കുന്നു.

11 ദശലക്ഷത്തിലധികം ആളുകൾ മയക്കുമരുന്ന് കുത്തിവക്കുന്നതായും കണക്കാക്കപ്പെടുന്നു. അവരിൽ പകുതി പേർക്കും ഹെപ്പറ്റൈറ്റിസ് സി (കരളിനെ ബാധിക്കുന്ന ഒരു സാംക്രമിക രോഗം) ഉള്ളതായും റിപ്പോർട്ടിൽ പറയുന്നു. മയക്കുമരുന്ന് ഉപയോഗത്തിനെക്കുറിച്ചുള്ള ധാരണക്കുറവാണ് ഉയർന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് തടയുന്നതിനായി ബോധവത്കരണം നടത്തി പൊതു ആരോഗ്യം സംരക്ഷിക്കേണ്ടതുണ്ടെന്നും യുണൈറ്റഡ് നേഷൻസ് ഓഫീസ് ഓൺ ഡ്രഗ്‌സ് അൻഡ് ക്രൈം എക്‌സികയൂട്ടീവ് ഡയറക്ടർ ഖാദ വാലി പറഞ്ഞു.

Related Articles

Back to top button