Palakkad

ഡെൽറ്റ പ്ലസ് സ്ഥിരീകരിച്ച പഞ്ചായത്തുകളിൽ പ്രതിരോധം ശക്തമാക്കും

“Manju”

പാലക്കാട് : പാലക്കാട് ജില്ലയിൽ കൊറോണ മൂന്നാം തരംഗം നേരിടുന്നതിനുളള തയ്യാറെടുപ്പുകൾ ഊർജ്ജിതമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജില്ലയിൽ ഡെൽറ്റ പ്ലസ് വൈറസ് സ്ഥിരീകരിച്ച പറളി, പിരായിരി പഞ്ചായത്തുകളിലെ പ്രതിരോധ പ്രവർത്തനങ്ങളിൽ കാര്യക്ഷമമായ ഇടപെടൽ നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടിയുടെ അധ്യക്ഷതയിൽ പാലക്കാട് കലക്ടറേറ്റിൽ നടന്ന ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു വീണ ജോർജ്.

ജില്ലയ്ക്ക് കൂടുതലായി ആവശ്യമുള്ള ഓക്സിജൻ ബെഡുകൾ, വെന്റിലേറ്ററുകൾ മറ്റ് സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി കെ. കൃഷ്ണൻകുട്ടി ആരോഗ്യവകുപ്പ് അധികൃതർക്ക് നിർദേശം നൽകി. ആശുപത്രികളെല്ലാം മുന്നൊരുക്കങ്ങൾ നടത്തണം. കുട്ടികളിൽ കൊറോണ ബാധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പീഡിയാട്രിക് വാർഡുകളിൽ പരമാവധി സൗകര്യങ്ങൾ വർദ്ധിപ്പിക്കണം. ജില്ലാ ആശുപത്രിയിലും വനിതകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനും മന്ത്രി വീണാ ജോർജ് നിർദേശിച്ചു.

ജില്ലയിലെ വാക്സിനേഷൻ കൂട്ടണമെന്ന് മന്ത്രി നിർദേശിച്ചു. ഒരു ദിവസം 50,000 ഡോസ് വരെ കുത്തിവെപ്പ് എടുക്കുന്നതിന് ജില്ല പര്യാപ്തമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മറ്റ് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും പരിശോധന വർദ്ധിപ്പിക്കണമെന്നും വീണാ ജോർജ് നിർദേശിച്ചു.

Related Articles

Back to top button