India

ഇന്ത്യ-ചൈന അതിർത്തിയിൽ സുരക്ഷ ശക്തമാക്കി

“Manju”

ന്യൂഡൽഹി : ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷസാദ്ധ്യത പൂർണമായും അവസാനിക്കാത്ത സാഹചര്യത്തിൽ കൂടുതൽ സൈനികരെ വിന്യസിച്ച് ഇന്ത്യൻ സേന. 50,000 സൈനിക ഉദ്യോഗസ്ഥരെയാണ് ഇന്ത്യ-ചൈന അന്താരാഷ്ട്ര അതിർത്തിയിൽ വിന്യസിച്ചിരിക്കുന്നത്. ചൈനീസ് ആക്രമണങ്ങളെ തടുത്ത് നിർത്താൻ മാത്രമല്ല കൃത്യമായ സമയത്ത് പ്രത്യാക്രമണം നടത്താനും ആവശ്യമെങ്കിൽ ചൈനീസ് പ്രദേശം പിടിച്ചെടുക്കാനും രാജ്യത്തിന് സാധിക്കും എന്ന മുന്നറിയിപ്പോടെയാണ് രാജ്യം കൂടുതൽ സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്.

നിലവിൽ 2 ലക്ഷത്തോളം സൈനികരെയാണ് ഇന്ത്യ-ചൈന അതിർത്തിയിൽ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. വ്യോമ സേനയുടെ ശക്തി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഉൾപ്പെടുത്തിയ റഫേൽ വിമാനങ്ങളും അതിർത്തിയിൽ സേന വിന്യസിച്ചിട്ടുണ്ട്. അതിർത്തിയിൽ മൂന്ന് പ്രദേശങ്ങളിലായാണ് യുദ്ധ വിമാനങ്ങൾ സജ്ജീകരിച്ചിട്ടുള്ളത്. കൂടുതൽ യുദ്ധക്കപ്പലുകളും പ്രദേശത്ത് വിന്യസിക്കുമെന്ന് ഇന്ത്യൻ നാവിക സേന വ്യക്തമാക്കി.

1962 ലെ ഇന്ത്യ -ചൈന യുദ്ധത്തിന് ശേഷം 2020 ൽ ആദ്യമായാണ് ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷമുണ്ടായത്. ഇന്ത്യൻ പ്രദേശത്തേയ്ക്ക് കടന്നുകയറാൻ ശ്രമിച്ച് ചൈന അപ്രതീക്ഷിത ആക്രമണം നടത്തുകയായിരുന്നു. കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്‌വരയിൽ നടന്ന സംഘർഷത്തിൽ നിരവധി സൈനികർ വീരമൃത്യു വരിച്ചു.

തുടർന്ന് 11 തവണയായി നടന്ന ഉന്നതതല യോഗത്തിന് ശേഷമാണ് അതിർത്തിയിൽ നിന്നും ഇരുസേനകളും പിന്മാറുന്നത് സംബന്ധിച്ച് ധാരണയായത്. എന്നാൽ ടിബറ്റിൽ ചൈന കൂടുതൽ സൈനികരെ വിന്യസിക്കുകയാണ് എന്നാണ് വിവരം. അതിർത്തിയിലെ നിരവധി പ്രദേശങ്ങളിൽ ചൈന നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഇത് വീണ്ടും ആക്രമണം നടത്താൻ വേണ്ടിയാണെന്നും സൂചന ലഭിച്ചിട്ടുണ്ട്. അത് കണക്കിലെടുത്താണ് രാജ്യം കൂടുതൽ സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്.

Related Articles

Back to top button