India

സ്ത്രീധനം പ്രദർശിപ്പിച്ചു: അന്വേഷണം ആരംഭിച്ച് പോലീസ്

“Manju”

ലക്‌നൗ : സ്ത്രീധനമായി ലഭിച്ച പണവും ആഭരണങ്ങളും വിവാഹവേദിയിൽ പ്രദർശിപ്പിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ അന്വേഷണം ആരംഭിച്ച് പോലീസ്. ഉത്തർപ്രദേശിലെ ഷംലിയിൽ നടന്ന വിവാഹവുമായി ബന്ധപ്പെട്ടാണ് പോലീസ് അന്വേഷണം നടത്തുന്നത്. സൂററ്റിൽ വസ്ത്രവ്യാപാരിയായ ഷംലി സ്വദേശിയുടെ മകളും ഷംലി സ്വദേശിയും കർണാടകയിൽ വസ്ത്രവ്യാപാരിയുമായ യുവാവും തമ്മിലുള്ള വിവാഹമാണ് നടന്നത്.

കഴിഞ്ഞ ദിവസമാണ് ഇവരുടെ വിവാഹത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. വിവാഹവേദിയിൽവെച്ച് സ്ത്രീധനത്തെക്കുറിച്ച് പൊങ്ങച്ചം പറയുന്നതും സ്ത്രീധനമായി ലഭിച്ച പണവും ആഭരണങ്ങളും പ്രദർശിപ്പിക്കുന്നതും വീഡിയോയിൽ കാണാം. ഏകദേശം 41 ലക്ഷം രൂപയുടെ നോട്ടുകെട്ടുകൾ പാത്രങ്ങളിൽ അടുക്കിവെച്ചാണ് പ്രദർശിപ്പിക്കുന്നത്. ഇതോടൊപ്പം ആഭരണങ്ങളും ഒരു എസ്‌യുവിയുടെ താക്കോലും ഉണ്ടായിരുന്നു. വീഡിയോയ്ക്ക് പുറമേ വധു ഒട്ടേറെ ആഭരണങ്ങൾ ധരിച്ചിരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ഈ വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് പോലീസ് അന്വേഷണം നടത്താൻ ആരംഭിച്ചത്. പോലീസിനൊപ്പം ആദായനികുതി വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം വിവാദമായതോടെ സ്ത്രീധനത്തിനെതിരെ പ്രതിഷേധം അറിയിച്ച് നിരവധി പേർ രംഗത്തെത്തി. ഏകദേശം ഒരു കോടിയിലേറെ രൂപയുടെ സ്ത്രീധനം ഇയാൾ വാങ്ങിയിട്ടുണ്ട് എന്നാണ് പ്രദേശവാസികൾ നൽകുന്ന വിവരം.

Related Articles

Back to top button