IndiaLatest

ആക്രമണങ്ങള്‍ക്കെതിരെ ശക്തമായി പോരാടി മുന്നോട്ട് പോകണമെന്ന് പ്രധാനമന്ത്രി

“Manju”

ദില്ലി: ജമ്മുവിലെ ഡ്രോണ്‍ ആക്രമണത്തില്‍ ശക്തമായ നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിനെതിരെ നടക്കുന്ന ആക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ച്‌ മുന്നോട്ട് പോകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജമ്മു കശ്മീരിലെ വ്യോമത്താവളത്തില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെയാണ് നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ പ്രത്യേക യോഗം ചേര്‍ന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

ലഡാക്ക് സന്ദര്‍ശനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് മേഖലയിലെ സാഹചര്യങ്ങള്‍ പ്രധാനമന്ത്രിയോട് വ്യക്തമാക്കി. പുതിയ ആക്രമണ രീതികളെ പ്രതിരോധിക്കുന്നത് സംബന്ധിച്ച്‌ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഇന്ത്യന്‍ സൈന്യത്തില്‍ വരുത്തേണ്ട ആധുനികവല്‍ക്കരണം, അടിയന്തിര മാറ്റങ്ങള്‍, എന്നിവയെക്കുറിച്ചും ചര്‍ച്ച നടന്നതായാണ് സൂചന. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുന്‍പ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വ്യോമസേന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു.

അതോടൊപ്പം തന്നെ ഭീകരാക്രമണങ്ങള്‍ക്കെതിരായി ഐക്യരാഷ്ട്ര സഭയുടെ യോഗത്തിലും ഇന്ത്യ നിലപാട് വ്യക്തമാക്കി. രാജ്യത്തിനെതിരെയുള്ള ഇത്തരം ആക്രമണങ്ങള്‍ക്ക് സാങ്കേതിക വിദ്യയുടെ ദുരുപയോഗത്തിനായി ചില രാജ്യങ്ങളുടെ സഹായം കിട്ടുന്നുണ്ടെന്ന് ഇന്ത്യ പറഞ്ഞു. ഇതിനെതിരെ കൃത്യമായ പ്രവര്‍ത്തനം ഉണ്ടാകണമെന്നും രാജ്യം ആവശ്യപ്പെട്ടു. വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ദ്ധന്‍ ശൃംഗ്ലയാണ് ഇക്കാര്യം ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയില്‍ ഉന്നയിച്ചത്.

Related Articles

Back to top button