ArticleLatest

ഔഷധവിചാരം ; ചുക്ക്

“Manju”

ചുക്കില്ലാത്ത കഷായമില്ലല്ലോടാ എന്നാദ്യമായി കേട്ടത് ആയാപറമ്പ് സദാശിവൻപിള്ള സാറിൻ്റെ വായിൽനിന്നാണ്. ക്ലാസ്സിലെ എല്ലാ വഴക്കുകളിലും ഒരറ്റത്തുണ്ടാകുന്ന അഭിലാഷിനെപ്പറ്റിയായിരുന്നു കമൻ്റ് (പേര് വ്യാജമാണ്, ആരും തിരക്കി ബുദ്ധിമുട്ടരുത് ) . പലപ്പോഴും അവൻ ന്യായത്തിൻ്റെ ഭാഗത്തുനിന്നാണ് വഴക്കുണ്ടാക്കിയിരുന്നത് . ചാരുബഞ്ചിൻ്റെ വിടവിലൂടെ കോമ്പസുകൊണ്ട് കുത്തിയിട്ട് ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടിലിരിക്കുന്നവനെതിരെ അവൻ പ്രതികരിക്കുകയും , ടീച്ചറുടെ വഴക്കുവാങ്ങിക്കൂട്ടുകയും ചെയ്യും. അങ്ങനെയുള്ള ഒരു കൂട്ടുകാരൻ എല്ലാവർക്കും ഉണ്ടായിരിക്കുമല്ലേ ?

ഇഞ്ചി തൊലികളഞ്ഞുണക്കിയെടുക്കുന്ന ചുക്ക് ദഹനം (Digesion) ശരിയായി നടക്കുവാൻ സഹായിക്കുന്ന ഒരു ഉത്തമ ഔഷധമാണ് .
അതുകൊണ്ടാണ് സദ്യയിൽ ചുക്കുവെള്ളവും, രാത്രിപരിപാടികളിൽ ചുക്കുകാപ്പിയും പണ്ടുമുതൽക്കേ ഉപയോഗിച്ചിരുന്നത്.ചക്ക കഴിച്ചുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് പ്രതിവിധിയാണ് ചുക്ക് . ചക്കയ്ക്ക് ചുക്ക് എന്നൊരു പഴഞ്ചൊല്ലുപോലുമുണ്ട്.

8 മാസമെങ്കിലും പ്രായമായ ഇഞ്ചിയേ ചുക്കാക്കാൻ എടുക്കാറുള്ളൂ . വിളവൊരിക്കലും ഒൻപതുമാസത്തിൽ അധികമാകാൻ പാടില്ല . ഒൻപതിൽ അധികമായാൽ ഇഞ്ചിയിലെ ബാഷ്പശീലതൈലങ്ങൾ കുറഞ്ഞു പോകും. ഇഞ്ചിയുണങ്ങി ചുക്കാകാൻ പത്തുദിവസം വേണം. പത്തു ശതമാനത്തിലധികം ജലാംശം ചുക്കിൽ പാടില്ലതാനും. രണ്ടു ശതമാനം ചുണ്ണാമ്പു വെള്ളത്തിൽ കഴുകിയോ ,ഗന്ധകം കൊണ്ടു പുകച്ചോ ആണ് ചുക്കിനെ വെളുത്ത സുന്ദരനാക്കുന്നത്. നമ്മൾ ഇണക്കിയെടുക്കുമ്പോൾ കളറൽപ്പം കുറവായാൽ സങ്കടപ്പെടാതിരിക്കാൻ പറഞ്ഞതാണ്.

ഇഞ്ചി കഴിക്കുമ്പോളുള്ള അത്ര കത്തൽ ചുക്കിനില്ല എന്നതാണതിൻ്റെ മെച്ചം. ചുട്ടുനീറ്റലുള്ള രോഗിക്കും ഉപയോഗിക്കാം . ഒരു ഗ്രാമിലധികം ഒരു നേരം പാടില്ല. ഇഞ്ചിയിൽ നിന്നുള്ള മറ്റൊരു വ്യത്യാസം ചുക്ക് ഇഞ്ചിയെപ്പോലെ മലം ഇളക്കുകയില്ല മറിച്ച് മലംപിടുത്തം ഉണ്ടാക്കുന്നതാണ് എന്നതാണ്.

ചുക്കിൻ്റെ പോഷകഗുണങ്ങൾ തിരഞ്ഞു പോകുമ്പോൾ നമുക്ക് തോന്നും ഇതിൽ ഒരുചുക്കും ഇല്ലല്ലോ എന്ന്. ശരീരപോഷണം ചെയ്യുന്ന ഒന്നല്ല മറിച്ച് തീ പോലെ കത്തിച്ച് ശരീരകോശഘടകങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരുന്ന , ആഗിരണശേഷി (Bioavailability) കൂട്ടുന്ന ഒന്നാണ് ചുക്ക്. ശരീരത്തിലെ
നീർവീഴ്ച്ച പ്രെഡ്നിസോളോൺ എന്ന സ്റ്റീറോയ്ഡ് മാറ്റുന്നത്ര വേഗതയിൽ ചുക്കു മാറ്റും എന്ന് 1980കളിൽ നടന്ന പഠനങ്ങളിൽ തന്നെ തെളിഞ്ഞതുമാണ് കഫവർദ്ധനയുള്ള തലവേദനകളിൽ ചുക്ക്, ജീരകം കൊട്ടം ഇവ തരിതരിയായി പൊടിച്ച് മുരിങ്ങവേർത്തൊലി, മാതള നാരകവേർത്തൊലി ഇവയുടെ നീരിൽ നെറ്റിമേൽ പുരട്ടിയാൽ പെട്ടെന്ന് മാറും.

ശർദ്ദിച്ചവശരായവർക്ക് ചുക്കും മലരുമിട്ട് തിളപ്പിച്ച വെള്ളം അല്പാൽപ്പമായി നൽകി ക്ഷീണം മാറ്റാവുന്നതാണ് . കുഞ്ഞുങ്ങളുടെ ശർദ്ധിയിലും ചുക്ക്, മലര്, കൽക്കണ്ടം ഇവ പൊടിച്ച പൊടി തേൻ ചേർത്ത് നൽകാം.

ഭക്ഷണത്തിലെ കൊളസ്ട്രോളിനെ ശരീരം ആഗിരണം ചെയ്യുന്നത് തടയാനും , രക്തത്തിൽ ആഗിരണം ചെയ്ത കൊളസ്ട്രോളിനെ ഒഴിവാക്കുവാനും ചുക്കിനു കഴിയുന്നതിനാൽ കൊളസ്ട്രോൾ കുറയ്ക്കുന്നതിൽ ഇരട്ടിഫലം തരുന്ന ഒരു മരുന്നാണ് ചുക്ക് . പഞ്ചകർമ ചികിത്സയ്ക്ക് മുന്നോടിയായും , ചിലതരം നടുവ് വേദനകളിലും മരുന്നിട്ടു കാച്ചിയനെയ്യ് വലിയയളവിൽ കഴിപ്പിക്കേണ്ടി വരാറുള്ളപ്പോൾ ചുക്കുവെള്ളം അനുപാനമായി നൽകുന്നതിനുള്ള കാരണമിതാണ്.

മഞ്ഞുകാലം തുടങ്ങിയിരിക്കുന്നു . പണ്ടൊക്കെ മഞ്ഞു തുടങ്ങുമ്പോഴേ മുത്തശ്ശി ഒരുറാത്തൽ ചുക്കും രണ്ടുറാത്തൽ ഉണ്ടശർക്കരയും മൂന്നുറാത്തൽ കറുത്ത എള്ളും കൂടി ഉരലിട്ടിടിച്ച് ചീനഭരണിയാക്കി വയ്ക്കുമായിരുന്നു, ആ പൊടിയും , മുമ്പൊരിക്കൽ പറഞ്ഞ ചുക്കുകാപ്പിയുടേയും കവചം ഭേദിച്ച് വരാൻ സാധിക്കാത്തതു കൊണ്ടു പനി, ചുമ ഇവയൊക്കെ അത്ര പെട്ടെന്ന് ഞങ്ങളെ ബാധിച്ചിരുന്നില്ല.

പ്രാദേശികവൈദ്യങ്ങളെ പണത്തിൻ്റെ ശക്തി കൊണ്ടും, അധികാരത്തിൻ്റെ നിയമങ്ങൾ കൊണ്ടും കണ്ണും, കൈയ്യും കെട്ടി കൊല്ലാക്കൊല ചെയ്യുന്ന വർത്തമാനകാലത്ത് ഇതെല്ലാം ചെറുക്കേണ്ട ചുമതല വൈദ്യം കൈകാര്യം ചെയ്യുന്നവൻ്റെ മാത്രം കടമയാണെന്ന് കരുതുന്ന ഒരാളാണ് നിങ്ങളെങ്കിൽ മുകളിൽ പറഞ്ഞ യോഗം ഒരു ഡയറിയിൽ കുറിച്ച് കൊച്ചുമകനു നൽകാൻ വേണ്ടി സൂക്ഷിച്ചോളു. അന്ന് ഒരു ചെറിയ ചുമയ്ക്ക് കൺസൾട്ടേഷൻ ഫീസും നൽകി ഫിസിഷ്യനെ കണ്ട് , ടെസ്റ്റുകളെല്ലാം ചെയ്ത ശേഷം, ശ്വാസകോസരോഗവിദഗ്ദൻ മാത്രം മരുന്നുകുറിക്കണം എന്ന ആരോഗ്യഫാസിസത്തിൻ്റെ മലയാളക്കരയിൽ ഒരുപക്ഷെ അവനു ഗുണപ്പെട്ടേക്കാം ഈ, മണ്ണിൻ്റെ മണമുള്ള ശാസ്ത്രത്തിൻ്റെ കുറിപ്പടി .

ഏവർക്കും നല്ലൊരു ഞായറാഴ്ച്ച ആശംസിക്കുന്നതിനോടൊപ്പം നമ്മുടെ പൈതൃക ശാസ്ത്രത്തോട് പിന്തുണ പ്രഖ്യാപിക്കാൻ ഏവരേയും ആഹ്വാനം ചെയ്തു കൊണ്ട് , സകലരും സകല രീതിയിലും ഉപയോഗിച്ചിട്ടും, വളമിട്ടതിൻ്റെ പോലും ന്യായവില ലഭിക്കാതെ കരഞ്ഞ സർവ്വ ഇഞ്ചിക്കർഷകർക്കും ഈ ഞായറാഴ്ചക്കുറുക്ക് സമർപ്പിക്കുന്നു.

സ്നേഹപൂർവ്വം
ഡോ. ശ്രീനി രാമചന്ദ്രൻ
9656030352

Related Articles

Back to top button