InternationalLatest

ടോം ക്രൂസും എലോണ്‍ മസ്‌കും സ്‌പേസിലേക്ക്, ബഹിരാകാശത്ത് സിനിമ ഒരുങ്ങുന്നു

“Manju”

മോസ്‌കോ: ബഹിരാകാശത്ത് വെച്ച്‌ സിനിമ പിടിച്ചാലോ? എന്താ ആലോചിക്കാന്‍ പോലും പറ്റുന്നില്ല അല്ലേ. എന്നാല്‍ ഇപ്പോള്‍ ആരാദ്യം ബഹിരാകാശത്ത് സിനിമ പിടിക്കുമെന്ന പോരിലാണ് റഷ്യയും ചൈനയും. മനുഷ്യര്‍ പോലും പരിമിതമായി മാത്രം എത്തുന്ന സ്ഥലത്തിന് വേണ്ടിയാണ് പുതിയ ശീതയുദ്ധം ആരംഭിച്ചിരിക്കുന്നത്. ഹോളിവുഡ് സൂപ്പര്‍ താരം ടോം ക്രൂസും എലോണ്‍ മസ്‌കും ചേര്‍ന്ന് ബഹിരാകാശത്തെ ആദ്യ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ഇതിന് മുമ്പ് ഷൂട്ടിംഗ് ആരംഭിക്കാനാണ് റഷ്യയുടെ പ്ലാന്‍.
റഷ്യയിലെ എക്കാലത്തെയും വലിയ നടിമാരിലൊരാളയ യൂലിയ പെരെസില്‍ഡ് അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷനിലേക്കാണ് യാത്ര തിരിക്കുന്നത്. വാര്‍ത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് ഹോളിവുഡ് അടക്കം. ഒക്ടോബര്‍ അഞ്ചിനാണ് യാത്ര തിരിക്കുന്നത്. ഒപ്പം സംവിധായകന്‍ ക്ലിം ഷിപ്പെന്‍കോയും ഉണ്ട്. അമേരിക്കയ്ക്ക് മുമ്പേ ബഹിരാകാശത്ത് സിനിമയെടുത്ത് ലോകത്തെ മുഴുവന്‍ ഞെട്ടിക്കാനാണ് റഷ്യയുടെ നീക്കം. ടോം ക്രൂസും, ഹോളിവുഡ് സംവിധായകന്‍ ഡഗ് ലിമാനും നാസയും സ്‌പേസ് എക്‌സുമായി ചേര്‍ന്ന് സിനിമ നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നു. എലോണ്‍ മസ്‌കിന്റെ ബഹിരാകാശ കമ്പനിയാണ് സ്‌പേസ് എക്‌സ്.
ഒന്നാമത്തെത്തുക മാത്രമല്ല റഷ്യ ഏറ്റവും മികച്ചതായിരിക്കുക എന്നതാണ് തന്റെ മുന്നിലുള്ളതെന്നും യൂലിയ പെരെസില്‍ഡ് പറഞ്ഞു. കസാക്കിസ്ഥാനിലെ ബൈക്കോനൂരിലെ കോസ്‌മോഡ്രോമില്‍ നിന്നാണ് റഷ്യയുടെ സിനിമാ സംഘം ബഹിരാകാശത്തേക്ക് യാത്ര തിരിക്കുക. ദ കോള്‍ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പ്രാഥമിക പര്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് റ്ഷ്യ ചിത്രം പ്രഖ്യാപിച്ചത്. ഹോളിവുഡ് ചിത്രം പ്രഖ്യാപിച്ച്‌ നാല് മാസത്തിന് ശേഷമായിരുന്നു ഇത്. എന്നാല്‍ വളരെ രഹസ്യമായിട്ടാണ് ഈ ചിത്രങ്ങള്‍ കാര്യങ്ങളെല്ലാം മുന്നോട്ട് പോകുന്നത്.
ഒരു ബഹിരാകാശ ശാസ്ത്രജ്ഞനെ രക്ഷിക്കാന്‍ അന്താരാഷ്ട്ര ബഹിരാകാശ സ്‌റ്റേഷനില്‍ എത്തുന്ന ഡോക്ടറുടെ കഥയാണ് റഷ്യന്‍ സിനിമയുടെ കഥയെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ചിത്രത്തിന്റെ ബഡ്ജറ്റും വെളിപ്പെടുത്തിയിട്ടില്ല. ബഹിരാകാശ യാത്രയ്ക്ക് വന്‍ തുക തന്നെ ചെലവാകും. സോയുസ് റോക്കറ്റിലെ ഒരു സീറ്റിന് തന്നെ മില്യണുകള്‍ നാസയ്ക്ക് ആവശ്യമാണ്. പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി അടുപ്പമുള്ളവരും സിനിമയുടെ ഭാഗമാകും.
ഈ ചിത്രത്തിലേക്ക് ടോം ക്രൂസും ഡഗ് ലീമാനും റഷ്യയുടെ റോസ്‌കോസ്‌മോസ് സ്‌പേസ് ഏജന്‍സിയുമായി സഹകരിക്കുന്നതിനായി സമീപിച്ചിരുന്നുവെന്ന് അധ്യക്ഷന്‍ ദിമിത്രി റോഗോസിന്‍ പറഞ്ഞു. എന്നാല്‍ ചില അദൃശ്യ ശക്തികള്‍ ഇവരെ അതില്‍ നിന്ന് പിന്തിരിപ്പിച്ചെന്നും റോഗോസിന്‍ വ്യക്തമാക്കി.

Related Articles

Back to top button