KeralaLatest

അടൂര്‍ ഗോപാലകൃഷ്ണന് ഇന്ന് 80ാം പിറന്നാള്‍

“Manju”

അടൂര്‍ ഗോപാലകൃഷ്ണന് ഇന്ന് എണ്‍പതാം പിറന്നാള്‍. ലോകത്തിന് ഇന്ന് അടൂര്‍ എന്നാല്‍ ഒരു സ്ഥലപ്പേരല്ല. മലയാള സിനിമയുടെ വിലാസം തന്നെയാണ്. മലയാളം എന്നൊരു ഭാഷയുണ്ടെന്ന് ലോകത്തെ അറിയിച്ചയാള്‍ എന്നു അടൂരിനെ നിസംശയം വിളിക്കാം. എണ്‍പതു തികയുന്നത് മലയാളി മനസ്സില്‍ പ്രണയമുണ്ടാക്കിയ ആള്‍ക്കാണ്. സിനിമയോടും പെണ്ണുങ്ങളോടും ചേര്‍ന്നിരിക്കാന്‍ മലയാളി പുരുഷനെ പഠിപ്പിച്ചയാള്‍ക്ക്.
അത്രയേറേ ആകാംക്ഷ ഉയര്‍ത്തുന്ന ഒരു ഇന്‍ട്രോ ആദ്യമായിരുന്നു ഇന്ത്യന്‍ സിനിമയില്‍. അതും സംഗീതത്തിന്റെ പൊടിപോലും ഇല്ലാതെ സ്വാഭാവിക ശബ്ദങ്ങള്‍ മാത്രം ഉപയോഗിച്ച്‌. നാലു ദേശീയ പുരസ്‌കാരങ്ങളുമായി അടൂര്‍ എന്ന വിശ്വചലച്ചിത്രകാരന്‍ വരവറിയിച്ച സിനിമ. ആഗോള സിനിമ ഒരു മരണരംഗത്തിന്റെ സ്വാഭാവികത കണ്ട് അമ്പരന്നു നിന്നു ആ സിനിമയുടെ ക്‌ളൈമാക്‌സില്‍.
എട്ടാം വയസ്സില്‍ നാടകാഭിനയം തുടങ്ങിയ ഒരാള്‍ സ്വയംവരത്തിലൂടെ തന്റെ ജന്മദൗത്യം ലോകത്തെ അറിയിക്കുകയായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ രണ്ടു സഹപാഠികള്‍ക്കൊപ്പം ചേര്‍ന്ന് ആര്‍എന്‍ജി എന്ന നാടകക്കമ്പനി തുടങ്ങി. പിന്നെ കൈനിക്കര കുമാരപിളളയുടെ നാടകത്തില്‍ യൂദാസായുള്ള അഭിനയം. ശേഷം ജി ശങ്കരപ്പിള്ളയുടെ കീഴില്‍ മധുര ഗാന്ധിഗ്രാമില്‍ നിന്നു കിട്ടിയ നാടകപാഠങ്ങള്‍. ഹിന്ദി അറിയാത്തതിനാല്‍ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ഉപേക്ഷിച്ചു പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് യാദൃശ്ചികമായി എത്തിയ ആള്‍. അതും പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്കുമായി.
സ്വയംവരം ചെയ്യും മുന്‍പേ ചിത്രലേഖ എന്ന ഫിലിം സൊസൈറ്റി സ്ഥാപിച്ച്‌ മലയാളികളെ സിനിമ കാണാന്‍ പഠിപ്പിച്ചിരുന്നു അടൂര്‍.
കൊടിയേറ്റത്തിന്റെ തിരക്കഥ കേട്ടെഴുതാന്‍ എത്തിയ വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥനായിരുന്നു ഗോപി. ആ ഗോപിയെ നായകനാക്കിയ തീരുമാനമാണ് അടൂരിന്റെ സാഹസികതയുടെ അടയാളം. പിന്നെ അതിഭീകരമായ അനുഭവങ്ങളുമായി എലിപ്പത്തായം. കണ്ടവര്‍ കണ്ടവര്‍ വിറങ്ങലിച്ചുപോയ ഭാവുകത്വം. മലയാളി പ്രമാണിമാരുടെ അലസത അടൂരിനെപ്പോലെ പകര്‍ത്തിയ മറ്റൊരുണ്ട്. മലയാള സിനിമയെ വിശ്വവിഹായസ്സിലേക്ക് പറത്തിയ മലയാളത്തിന്റെ അടൂരിന് ജന്മദിനാശംസകള്‍.

Related Articles

Back to top button