Latest

ഇന്ന് ജൂലൈ 4 ചക്ക ദിനം

“Manju”

കേരളത്തിന്റെ ഔദ്യോഗിക ഫലമായ ചക്കയ്ക്കും ഉണ്ട് ഒരു ദിനം. ജൂലൈ 4ന് ലോക ചക്കദിനമായി ആഘോഷിക്കുന്നു. ചക്ക സീസണ്‍ കഴിയാറായെങ്കിലും ഇപ്പോഴും നാട്ടിലൊക്കെ കിട്ടാറുണ്ട്. കോവിഡ് കാലഘട്ടത്തില്‍ മലയാളികളുടെ പ്രിയപ്പെട്ടതും കൂടിയായിരുന്നു ചക്ക. നാട്ടിന്‍പുറത്തെ വീടുകളില്‍ ചക്ക കൊണ്ടുള്ള വിഭവങ്ങള്‍ മാത്രമായിരുന്നു ഈ സമയങ്ങളിലുണ്ടായിരുന്നത്. ആര്‍ട്ടോകാര്‍പ്പസ് ഹെറ്ററോഫില്ലസ് എന്നാണ് ശാസ്ത്രീയ നാമം.

നല്ല വരിക്ക ചക്ക ചുളകള്‍ കിട്ടിയാല്‍ ഒരിക്കലും വിടില്ല നമ്മള്‍ .ചക്കയെ ഏതൊക്കെ വിധത്തില്‍ പാകം ചെയ്യാന്‍ ചെയ്യാന്‍ പറ്റും എന്നതില്‍ ഗവേഷണം നടത്തിയവരും നടത്തിക്കൊണ്ടിരിക്കുന്നവരും ആണ് നമ്മള്‍ മലയാളികള്‍. 2018 ജൂലൈ 4 ചക്ക രാജകീയമായി തിരിച്ചു വന്ന ദിവസം ആയിരുന്നു . അന്നായിരുന്നു ചക്ക കേരളത്തിന്റെ ഔദ്യോഗിക ഫലം ആയി മാറിയത്.

പഴങ്ങളില്‍ വച്ചു ഏറ്റവും വലുതായ ചക്ക ഏറെ പോഷകസമൃദ്ധമാണ്. പ്രോട്ടീന്‍ സമ്പുഷ്ടമായ ചക്കയില്‍ ജീവകങ്ങളും കാല്‍സ്യം, അയണ്‍, പൊട്ടാസ്യം തുടങ്ങിയവയും ഉണ്ട്. ചക്കയുടെ എല്ലാ ഭാഗങ്ങളും ഏറെ ഉപയുക്തമാണ്. ചക്കമടല്‍, ചക്കച്ചുള, ചക്കചകിണി, ചക്കക്കുരു ഏതു ഭാഗമെടുത്താലും ഏറെ രുചികരവും ആദായകരവുമായ വിഭവങ്ങള്‍ ഉണ്ടാക്കാം. മരത്തിലുണ്ടാകുന്ന ഏറ്റവും വലിപ്പമേറിയ ഫലമായ 35 കിലോ വരെ എത്തും സാധാരണ ഭാരം. ഏകദേശം 30 കോടി മുതല്‍ 60 കോടി ചക്ക വരെ കേരളത്തില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. നമ്മുടെ അയല്‍രാജ്യമായ ബംഗ്ലാദേശിന്റെയും ദേശീയ ഫലം ചക്കയാണ്.

പഴങ്ങളില്‍ വന്‍ പഴം ആയിട്ടും ചക്ക ഇപ്പോഴും മൈനര്‍ ഫ്രൂട്ടിന്റെ പട്ടികയില്‍ നിന്ന് പുറത്ത് കടന്നിട്ടില്ല എന്നതാണ് സത്യം. ചക്ക വെറും പഴം-പച്ചക്കറി മാത്രമല്ല നിരവധി രോഗങ്ങളെ ഇല്ലാതാക്കാനും നിയന്ത്രിക്കാനും കഴിവുള്ള ഔഷധവും കൂടിയാണ്. ചക്കയില്‍ വൈറ്റമിന്‍ എ, ബി, സി, പൊട്ടാസ്യം, കാല്‍സ്യം, റൈബോഫ് ഫ്ളേവിന്‍, അയേണ്‍, നിയാസിന്‍, സിങ്ക്, തുടങ്ങിയ ധാരാളം ധാതുക്കളും, നാരുകളും അടങ്ങിയിട്ടുണ്ട് .

ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ക്കും പ്രമേഹരോഗികള്‍ക്കും വളരെ ഉത്തമമാണ് ചക്ക.ബി.പി കുറയ്ക്കാന്‍, വിളര്‍ച്ച മാറ്റുന്നതിനും, രക്തപ്രവാഹ ശരിയായ രീതിയിലാക്കാനും സഹായിക്കുന്നു. ആസ്തമ, തൈറോയ്ഡ് രോഗികള്‍ക്ക് നല്ലൊരു മരുന്നു കൂടിയാണ്. പച്ചച്ചക്കയുടെ സ്ഥിരമായ ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവുകുറയ്ക്കും എന്നാണ് പറയുന്നത്, ചക്കയുടെ മടലും ചകിണിയും ചേര്‍ന്ന ഭാഗം കൊളസ്ട്രോള്‍ നില കുറയ്ക്കാന്‍ ഉത്തമമാണെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

മള്‍ബറി കുടുംബത്തില്‍പ്പെട്ട ചക്കയുടെ എല്ലാം ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. കൂഴ, വരിക്ക, എന്നീ വിഭാഗത്തിലുള്ള ചക്കകളാണ് കേരളത്തില്‍ കൂടതലുള്ളത്. വിഷമയം തീരെയില്ലാത്ത പഴം-പച്ചക്കറി ഏതെന്നു ചോദിച്ചാല്‍ ഒട്ടും സംശയിക്കാതെ പറയാം ചക്കയെന്ന്. വീട്ടുമുറ്റത്തും, പറമ്ബുകളിലും കാര്യമായ വെള്ളമോ വളമോ മരുന്നോ നല്‍കാതെ നല്ല വിളകിട്ടുന്ന ജൈവ ഫലമാണ് ചക്ക.

Related Articles

Back to top button