IndiaLatest

ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള അതുല്യ അവസരം

“Manju”

ഡല്‍ഹി : ജി 20 ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍ വിവിധ പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുത്തു. യോഗത്തില്‍ എല്ലാ പാര്‍ട്ടികളുടെയും സഹകരണം തേടിയതിനൊപ്പം, ഇന്ത്യയുടെ ജി 20 അദ്ധ്യക്ഷ സ്ഥാനം വലിയ വിജയമാക്കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. ഇത് രാജ്യത്തിന്റെ പരിപാടിയാണ്. തന്റയോ, തന്റെ സര്‍ക്കാരിന്റയോ പരിപാടി അല്ല. ഇന്ത്യയുടെ ശക്തി ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള അതുല്യ അവസരമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍വ്വകക്ഷിയോഗത്തില്‍ പറഞ്ഞു.

ജി 20-യുടെ അദ്ധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുക്കുമ്പോള്‍ ധാരാളം സന്ദര്‍ശകര്‍ രാജ്യത്തേയ്‌ക്ക് എത്തും. രാജ്യത്തിന്റെ ടൂറിസം പ്രോത്സാഹിപ്പിക്കാനും ജി 20 മീറ്റിംഗുകള്‍ക്ക് വേദിയാകുന്ന സ്ഥലങ്ങളിലെ പ്രാദേശിക സമ്പദ്‍വ്യവസ്ഥ ഉത്തേജിപ്പിക്കാനും ജി 20 ഉച്ചകോടി അദ്ധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുക്കുന്നതിലൂടെ സാധിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ത്യയെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന പരിപാടികളെക്കുറിച്ചും സര്‍ക്കാര്‍ വിശദീകരിച്ചു.

രാഷ്‌ട്രപതിഭവന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന യോഗത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ധനമന്ത്രി നിര്‍മല സീതാരാമന്‍ , എം.കെ സ്റ്റാലിന്‍, മമത ബാനര്‍ജി, നവീന്‍ പട്നായിക്, ഏകനാഥ് ഷിന്‍ഡെ, വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി, അരവിന്ദ് കെജ്രിവാള്‍ എന്നിവരെ കൂടാതെ ബിജെപി അദ്ധ്യക്ഷന്‍ ജെ.പി നദ്ദ, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ടിഡിപി അദ്ധ്യക്ഷന്‍ ചന്ദ്രബാബു നായിഡു, എഐഎഡിഎംകെ നേതാവ് എടപ്പാടി കെ പളനിസ്വാമി, സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ എന്നിവരും പങ്കെടുത്തു.

Related Articles

Back to top button