KeralaLatest

ഐഎന്‍എസ് വിക്രാന്ത് സമുദ്ര പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി

“Manju”

കൊച്ചി ∙ രാജ്യം തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് അവസാനഘട്ട സമുദ്ര പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഈ മാസം അവസാനം വിക്രാന്ത് നാവിക സേനയ്ക്കു കൈമാറും. അടുത്ത മാസം പ്രധാനമന്ത്രി നരേന്ദ്രമോദി കപ്പല്‍ രാജ്യത്തിനു സമര്‍പ്പിക്കും. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണു വിക്രാന്ത് ആദ്യ സമുദ്ര യാത്ര നടത്തിയത്.

ഇതിനു പിന്നാലെ ഒക്ടോബറിലും ഈ വര്‍ഷം ജനുവരിയിലും രണ്ടും മൂന്നും ഘട്ട സമുദ്ര പരീക്ഷണങ്ങള്‍ കൂടി പൂര്‍ത്തിയാക്കി. കപ്പലിലെ ഉപകരണങ്ങളുടെയും മറ്റു സംവിധാനങ്ങളുടെയും ക്ഷമത വിലയിരുത്തുകയാണ് ഈ പരീക്ഷണ യാത്രകളുടെ ഉദ്ദേശ്യം. ജൂലൈ രണ്ടിനാണ് അവസാന ഘട്ട പരീക്ഷണങ്ങള്‍ക്കായി കപ്പല്‍ സമുദ്ര യാത്ര പുറപ്പെട്ടത്. ഏവിയേഷന്‍ ഫെസിലിറ്റീസ് കോംപ്ലക്സിലെ ഉപകരണങ്ങളുടെ പ്രവര്‍ത്തനങ്ങളുള്‍പ്പെടെ നാലാം ഘട്ടത്തില്‍ വിലയിരുത്തി.

ചെറു വിമാനങ്ങളും ഹെലികോപ്റ്ററുകളും കപ്പലില്‍ ഇറക്കിയുള്ള പരീക്ഷണങ്ങളും വിജയകരമായി പൂര്‍ത്തിയാക്കി. കപ്പലില്‍ ഘടിപ്പിച്ച തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍, ദിശാനിര്‍ണയ ഉപകരണങ്ങള്‍, ഗതി നിയന്ത്രണ സംവിധാനങ്ങള്‍, സെന്‍സറുകള്‍, ആശയവിനിമയ സംവിധാനങ്ങള്‍, റഡാറുകള്‍, ശീതീകരണ ഉപകരണങ്ങള്‍ തുടങ്ങിയവയുടെ ക്ഷമതയും പരിശോധിച്ചു.

Related Articles

Back to top button