KeralaLatest

അണുനശീകരണം നടത്തി അഗ്നിരക്ഷാസേനയുടെ വാഹനങ്ങളിൽ പലതും കട്ടപ്പുറത്ത്

“Manju”

ഹർഷദ്ലാൽ തലശ്ശേരി

തിരുവനന്തപുരം : കോവിഡ് കാലത്ത് അണുനശീകരണം നടത്തിയ അഗ്നിരക്ഷാസേനയുടെ വാഹനങ്ങളിൽ പലതും കട്ടപ്പുറത്ത്. വെള്ളം പമ്പുചെയ്യേണ്ടവയുപയോഗിച്ച് രാസലായനി പമ്പുചെയ്തതോടെ വാഹനങ്ങളിൽ പലതും ഉപയോഗശൂന്യമായി. അറ്റകുറ്റപ്പണികൾക്കായി രണ്ടുകോടിരൂപ നൽകണമെന്ന് അഗ്നിരക്ഷാസേനാമേധാവി ദുരന്തനിവാരണ അതോറിറ്റിയോട് ആവശ്യപ്പെട്ടു. അതേസമയം, അണുനശീകരണത്തിന് സേനാവാഹനങ്ങൾ ഉപയോഗിക്കേണ്ടെന്ന് തീരുമാനിച്ചതോടെ അണുനാശിനി തളിക്കാൻ സജ്ജീകരണമില്ലാതെ തദ്ദേശസ്ഥാപനങ്ങളും വലയുന്നു.

സോഡിയം ഹൈഡ്രോക്ലോറേറ്റ് മിശ്രിതം പ്രത്യേക അനുപാതത്തിലാക്കിയാണ് സ്പ്രേ ചെയ്തത്. ഇതോടെ വാഹനങ്ങളിലെ മർദനിയന്ത്രണ സംവിധാനവും നോസിലുമൊക്കെ പ്രവർത്തനരഹിതമായി. പല വാഹനങ്ങളും ഉപയോഗശൂന്യവുമായി.

ഒട്ടേറെ വാഹനങ്ങൾ അണുനാശിനി തളിക്കാൻ അഗ്നിക്ഷാസേന ഉപയോഗിച്ചു. ഇതിൽ 65 എണ്ണം തുരുമ്പെടുത്തും മറ്റും കേടായി. ചിലതൊക്കെ ചെറിയ അറ്റകുറ്റപ്പണികൾചെയ്ത് പൂർവ സ്ഥിതിയിലാക്കിയെങ്കിലും 25 എണ്ണം തീർത്തും ഉപയോഗശൂന്യമായി. നോസിലും മർദനിയന്ത്രണസംവിധാനവും മറ്റ് റബ്ബർഭാഗങ്ങളും വാറന്റി പരിധിക്കുള്ളിലായിരുന്നെങ്കിലും വെള്ളത്തിനുപകരം രാസവസ്തു മിശ്രിതം ഉപയോഗിച്ച് കേടായതിനാൽ വാറന്റി ആനുകൂല്യം ലഭിക്കില്ലെന്ന് കമ്പനികൾ അറിയിച്ചു.

കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി ആറുശതമാനം സോഡിയം ഹൈഡ്രോക്ലോറേറ്റ് വെള്ളവുമായി ചേർത്താണ് തളിച്ചിരുന്നത്. ദിവസങ്ങളോളം ഇത് തുടർന്നു. ഈവാഹനങ്ങൾ ആ ദിവസങ്ങളിൽ മറ്റാവശ്യത്തിന് ഉപയോഗിക്കാതിരുന്നതിനാൽ ഘടകങ്ങളിൽ തുരുമ്പുകയറി നശിച്ച് പ്രവർത്തനം നിലയ്ക്കുകയുമായിരുന്നു.

വാഹനങ്ങൾ കേടാവുകയും ലോക് ഡൗണിൽ ഇളവുവരുകയും ചെയ്തതോടെ അണുനാശിനി തളിക്കുന്നതിൽനിന്ന് അഗ്നിരക്ഷാസേന പിന്മാറി. ഇതോടെ കോവിഡ് നിരീക്ഷണകേന്ദ്രങ്ങൾ ഉൾപ്പെടെ അണുവിമുക്തമാക്കൽ തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയുമായി. പലയിടത്തും അണുനശീകരണപ്രവർത്തനങ്ങൾ നടത്താൻ ആളെക്കിട്ടാത്ത അവസ്ഥയാണ്.

 

Related Articles

Back to top button