LatestThiruvananthapuram

ജി.വി രാജ സ്പോര്‍ട്സ് സ്‌കൂളില്‍ 16 കോടിയുടെ നവീകരണം: മന്ത്രി വി. അബ്ദുറഹ്മാന്‍

“Manju”

തിരുവനന്തപുരം: ജി.വി. രാജ സ്പോര്‍ട്സ് സ്‌കൂളില്‍ 16 കോടി രൂപ ചെലവഴിച്ചുള്ള നവീകരണ പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാകും. മന്ത്രി വി അബ്ദുറഹ്മാനാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ പരിപാടിയുടെ ഭാഗമായി അവ നാടിനു സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നവീകരണം പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തെ ഏറ്റവും മികച്ച കായിക വിദ്യാലയമായി ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ മാറുമെന്നം അദ്ദേഹം പറഞ്ഞു. മൈലത്തെ ജി.വി. രാജ സ്പോര്‍ട്സ് സ്‌കൂളിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം മാദ്ധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആധുനിക നിലവാരത്തിലുള്ള സിന്തറ്റിക് ട്രാക്, ആധുനിക സിന്തറ്റിക് ഗ്രാസ് ഫുട്ബോള്‍ കോര്‍ട്ട്, മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയം, ഹൈടെക് ജിംനേഷ്യം, ഹോക്കി ടര്‍ഫ്, സ്മാര്‍ട്ട് ക്ലാസ്റൂമുകള്‍, ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും ഹോസ്റ്റല്‍ എന്നിവയാണു ജി.വി. രാജയില്‍ ഒരുങ്ങുന്നത്. ഒട്ടുമിക്ക പദ്ധതികളുടേയും നിര്‍മാണം പൂര്‍ത്തിയായി. അവശേഷിക്കുന്ന ജോലികള്‍കൂടി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മന്ത്രി ബന്ധപ്പെട്ടവര്‍ക്കു നിര്‍ദേശം നല്‍കി.

അടുത്ത അധ്യയന വര്‍ഷം വിദ്യാര്‍ഥികളെത്തുമ്പോള്‍ പുതുമോടിയില്‍ ഇവിടെ ക്ലാസുകള്‍ ആരംഭിക്കാന്‍ കഴിയുമെന്നു മന്ത്രി പറഞ്ഞു. കായിക പഠന മേഖലയില്‍ ലോകത്തെ നൂതന സംവിധാനങ്ങളെല്ലാം ജി.വി. രാജയില്‍ ഉണ്ട്. സംസ്ഥാനത്തിന്റെ കായിക മേഖലയുടെ തിലകക്കുറിയായി ജി.വി. രാജ സ്‌കൂള്‍ മാറുമെന്നും മന്ത്രി പറഞ്ഞു. ജി. സ്റ്റീഫന്‍ എം.എല്‍.എ, അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു, വൈസ് പ്രസിഡന്റ് മറിയക്കുട്ടി, ഒളിംപ്യന്‍ മേഴ്സി കുട്ടന്‍, കായിക വകുപ്പ് ഡയറക്ടര്‍ ജെറോമിക് ജോര്‍ജ്, അഡീഷണല്‍ ഡയറക്ടര്‍ കെ.എസ്. ബിന്ദു എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Related Articles

Back to top button