IndiaInternational

ബീജിംഗിന്റെ ലക്ഷ്യം അമേരിക്കയും ഇന്ത്യയും

“Manju”

വാഷിംഗ്ടൺ: കാലങ്ങളായി അമേരിക്കയെ തകർക്കാൻ ഉപയോഗിക്കുന്ന എല്ലാ തന്ത്രങ്ങളും ഇന്ത്യക്കെതിരേയും പ്രയോഗിക്കുന്നതായി അമേരിക്കയിലെ പഠനം. ചൈനീസ് പ്രതിരോധ രംഗത്തെ ബുദ്ധിജീവി റിപ്പോർട്ടുകളെ അധികരിച്ചുള്ള പഠനമാണ് അമേരിക്കയിൽ പുസ്തക രൂപത്തിൽ പുറത്തിറക്കിയത്. അൺറസ്ട്രിക്ടഡ് വാർഫെയർ: ചൈനീസ് മാസ്റ്റർ പ്ലാൻ ടു ഡിസ്‌ട്രോയ് അമേരിക്ക എന്ന പേരിലിറക്കിയ പുസ്തകത്തിൽ ഇന്ത്യയേയും പരാമർശിക്കുന്നു. ജാനെറ്റ് ലെവി എന്ന എഴുത്തുകാരിയാണ് പുസ്തകത്തിന്റെ രചയിതാവ്.

1999ൽ അമേരിക്കയ്‌ക്കെതിരെ സൈനിക നീക്കത്തിന് ബദലായി സ്വീകരിക്കേണ്ട ആക്രമണ തന്ത്രങ്ങൾ മെനഞ്ഞത് രണ്ടു ചൈനീസ് ഉദ്യോഗസ്ഥരാണ്. ഇന്ത്യയ്‌ക്കെതിരേയും അതേ പദ്ധതി തയ്യാറാക്കിയെന്നാണ് റിപ്പോർട്ട്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ 100-ാം വാർഷിക പരിപാടി നടക്കുന്നതിനിടെയാണ് ചൈനയുടെ വിദേശ നയങ്ങളെക്കുറിച്ചുള്ള പഠനം അമേരിക്ക പുറത്തുവിട്ടത്.

അമേരിക്കയോട് സൈനികമായോ വിദേശ നയത്തിലൂടേയോ ജയിക്കാനാവില്ല. അതിന് പകരമായി സാമ്പത്തിക, വാണിജ്യ, വ്യവസായ മേഖലകളെ തകർക്കണം. സൈബർ, രാഷ്ട്രീയ പ്രചാരണ രീതികളിലൂടെ എതിരാളിയുടെ എല്ലാ രഹസ്യങ്ങളും പുറത്താക്കണം എന്നതാണ് ചൈന നടപ്പാക്കുന്നത്. ചൈന അമേരിക്കയ്‌ക്കെതിരെ നടത്തുന്ന എല്ലാ പരിശ്രമങ്ങളും ഇന്ത്യക്കെതിരേയും പ്രയോഗിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ജാനെറ്റ് പറയുന്നത്.

1949ൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തിയ ശേഷമുള്ള ചൈന എന്നും ഇതേ നയം പിന്തുടരുന്നവരാണെന്നും ലക്ഷ്യം ലോകശക്തിയാവലാണെന്നും ജാനറ്റ് പറയുന്നു. 1950 കാലഘട്ടത്തിൽ നെഹ്‌റുവിന്റെ കീഴിലെ ഇന്ത്യയെ ഒരു സുഹൃദ് രാജ്യമെന്നതിനേക്കാൾ തങ്ങൾക്ക് മുകളിൽ വളരാതിരിക്കാൻ ചൈന രാഷ്ട്രീയമായി ഇടപെട്ടിരുന്നു. അത്തരം ശ്രമങ്ങളുടെ രാഷ്ട്രീയ സൈനിക തെളിവുകളും ജാനെറ്റ് നിരത്തുന്നുണ്ട്.

കഴിഞ്ഞ രണ്ടു ദശകങ്ങളായി ചൈന നടത്തുന്ന നീക്കം ഇന്ത്യയ്‌ക്കെതിരായ തുറന്ന യുദ്ധത്തിന്റെ മറ്റൊരു മുഖമാണെന്നും ജാനറ്റ് പറയുന്നു. ചൈന ഭയപ്പെടുന്നത് ഇന്ത്യയുടെ ശക്തമായ ജനാധിപത്യത്തെയെന്നും അത് ലോകത്തിലുണ്ടാക്കുന്ന സ്വാധീനം വലുതാണെന്നും ജാനെറ്റ് പറയുന്നു.

ചൈന വിശാലമായ ഇന്ത്യയുടെ അതിർത്തിയെ അസ്വസ്ഥമാക്കി നിലനിർത്തും, സൈബർ ആക്രമണം തുടരും, മുംബൈയുടെ സാമ്പത്തിക കേന്ദ്രങ്ങളെ തളർത്തും ഇവയ്ക്ക് പുറമേ സൈനിക നീക്കവും നടത്തുമെന്നും ജാനറ്റ് പറയുന്നു.

ഇന്ത്യക്കെതിരെ മൈക്രോവേവ് ആയുധങ്ങൾ ചൈന ലഡാക്കിൽ ഉപയോഗിച്ചെന്നാണ് അമേരിക്കയുടെ നിഗമനം. തൊലിയ്ക്കകത്തെ ദ്രവങ്ങളെ തിളപ്പിച്ച് സൈനികരിൽ കടുത്ത ഛർദ്ദിയും അസ്വസ്ഥതയുമുണ്ടാക്കുന്ന സംവിധാനമാണ് ചൈന ഉപയോഗിച്ചതെന്നാണ് റിപ്പോർട്ട്. ചൈനയുടെ കുതന്ത്രങ്ങളെ അമേരിക്കൻ പ്രതിരോധ വിദഗ്ധർ എടുത്തുപറഞ്ഞതും ജാനെറ്റ് പുസ്തകത്തിലൂടെ വിശദീകരിക്കുന്നു.

 

Related Articles

Back to top button