Kerala

കേരളത്തിലുടനീളം 250 ഇവി ചാര്‍ജിങ് കേന്ദ്രങ്ങളുമായി ചാര്‍ജ് മോഡ്

“Manju”

കൊച്ചി: വൈദ്യുത വാഹനങ്ങള്‍ക്കായി കേരളത്തിലുടനീളം 250 ചാര്‍ജിങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാനൊരുങ്ങി മലയാളി സ്റ്റാർട്ട് അപ്പ് ചാര്‍ജ്മോഡ്(chargeMOD). ഇവി ചാർജിങ് കേന്ദ്രങ്ങൾക്കാവശ്യമായ സോഫ്റ്റ്‌വെയറും ഹാർഡ് വെയറും സ്വന്തമായി വികസിപ്പിച്ച ഈ യുവ സംരംഭകരാണ് കേരളത്തിലെ സ്വകാര്യ മേഖലയിലുള്ള ആദ്യത്തെ ഇവി ചാർജിങ് സ്റ്റേഷൻ ആരംഭിച്ചത്. ആദ്യ 22കിലോവാട്ട് എസി ചാർജിങ് മെഷീൻ 2019ൽ കോഴിക്കോട് പാളയത്ത് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉത്ഘാടനം ചെയ്തു. ഓട്ടോമോട്ടീവ് റിസേർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചിട്ടുള്ള ഈ രംഗത്തെ ഇന്ത്യയിലെ ഒരേയൊരു സ്റ്റാർട്ടപ്പാണ് 2018ൽ സ്ഥാപിതമായ ചാർജ്മോഡ്.

കോഴിക്കോട്, അങ്കമാലി, കൊല്ലം, തിരുവന്തപുരം എന്നിവിടങ്ങളിലായി ഇതിനകം പതിനൊന്ന് ഇവി ചാര്‍ജിങ് കേന്ദ്രങ്ങള്‍ ചാർജ്മോഡ് സ്ഥാപിച്ചുകഴിഞ്ഞു. ഉപയോക്താക്കൾക്ക് വൈദ്യുത വാഹന ചാര്‍ജിങ് കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിനും ബുക്ക് ചെയ്യാനും, ആക്സസ് ചെയ്യാനും സഹായിക്കുന്ന ‘ചാർജ്മോഡ്’ ആപ്ലിക്കേഷനാണ് ഒരു പ്രത്യേകത. ഇതുപയോഗിച്ച് എവിടെല്ലാം ചാർജിങ് സ്റ്റേഷനുകൾ ഉണ്ടെന്ന് കണ്ടെത്താനും, ആവശ്യാനുസരണം ചാർജിങ് പ്ലാനുകൾ തിരഞ്ഞെടുക്കുന്നതിനും, വളരെ എളുപ്പത്തിൽ എല്ലാ ഇടപാടുകളും നടത്തുന്നതിനും സാധിക്കും. നിശ്ചിത കാലയളവിനുള്ളിൽ ഉപയോക്താവിന്റെ പ്രധാന പാക്കേജ് തീർന്നുപോയാൽ കൂടുതൽ ടോപ്പ് അപ്പുകളും ഉപയോഗിക്കാം.

സൂപ്പർമാർക്കറ്റുകൾ, റെസ്റ്റോറന്റുകള്‍, കഫേകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്ക് സമീപം കുറഞ്ഞ സ്ഥല പരിധിയിൽ, കുറഞ്ഞ ചെലവില്‍ സ്ഥാപിച്ചുനൽകുന്ന കമ്മ്യൂണിറ്റി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഇത്തരം സ്ഥാപനങ്ങൾക്ക് അധിക വരുമാനത്തിന് അവസരമൊരുക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. സോളാർ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ചാർജിങ് സ്റ്റേഷനും ആവശ്യാനുസരണം കമ്പനി സ്ഥാപിച്ച് നൽകുന്നുണ്ട്.

‘നിലവില്‍ 3.3 കിലോവാട്ട് മുതല്‍ 22 കിലോവാട്ട് വരെ ശേഷിയുള്ള ചാര്‍ജിങ് സ്റ്റേഷനുകള്‍ക്കാവശ്യമായ സംവിധാനം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് ചാർജ്മോഡ്. സ്വന്തമായി ഹാർഡ് വെയർ വികസിപ്പിച്ചതിലൂടെ ഉൽപ്പാദനചിലവ് ഏകദേശം 33ശതമാനം വരെ കുറക്കാൻ സാധിക്കുന്നുണ്ട്. ചാർജിങ് സ്റ്റേഷനുകളുടെ ലഭ്യത വർദ്ധിക്കുന്നതിലൂടെ കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലെത്തുന്നതിനും, പെട്രോള്‍, ഡീസല്‍ ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിലും ജനങ്ങള്‍ക്ക് പ്രോത്സാഹമാകും.’ ചാര്‍ജ്‌മോഡ് സിഇഒ എം രാമാനുണ്ണി പറഞ്ഞു. 2021അവസാനത്തോടെ ഈ പദ്ധതി പൂർത്തീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Related Articles

Back to top button