ന്യൂഡല്‍ഹി: കോവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം കൂടാതെ കപ്പ വകഭേദവും ഉത്തര്‍പ്രദേശില്‍ സ്ഥിരീകരിച്ചു. യു.പിയില്‍ ‘കോവിഡ് കപ്പ’ ബാധിച്ച് 66കാരന് മരിച്ചു. കോവിഡിന്റെ B.1.617.1 ഇനമാണ് കപ്പ (Kappa) എന്നപേരില്‍ അറിയപ്പെടുന്നത്. B.1.617.2 വകഭേദമാണ് ഡെല്‍റ്റ (Delta). ഇന്ത്യയിലാണ് ഇവ സ്ഥിരീകരിച്ചത്.
ഡെല്‍റ്റ പ്ലസ് ഇനത്തില്‍ രണ്ട് കേസുകള്‍ കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ കണ്ടെത്തിയിരുന്നു. ഇതിനിടെയാണ് സന്ത് കബീര്‍ നഗറിലെ ഒരുരോഗിയുെട മരണം കപ്പ വകഭേദം മൂലമാണെന്ന് സ്ഥിരീകരിച്ചത്. മെയ് 27ന് കോവിഡ് ബാധിച്ച ഇദ്ദേഹം ജൂണ്‍ 14 നാണ് മരിച്ചത്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ജൂണ്‍ 12 ന് ബിആര്‍ഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്നും ജൂണ്‍ 13 ന് ശേഖരിച്ച സാമ്ബിള്‍ പരിശോധിച്ചപ്പോഴാണ് കപ്പ വകഭേദമാണെന്ന് കണ്ടെത്തിയതെന്നും മൈക്രോബയോളജി വിഭാഗം മേധാവി അമ്രേഷ് സിങ് പറഞ്ഞു. സി.എസ്.ഐ.ആറിന്റെ ന്യൂഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയില്‍ നടത്തിയ പരിശോധനയിലാണ് വകഭേദം സ്ഥിരീകരിച്ചത്.
യു.പിയില്‍ കോവിഡ് ഡെല്‍റ്റ പ്ലസ് ബാധിച്ച രണ്ടുപേരില്‍ ഒരാള്‍ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ഡിയോറിയ സ്വദേശിയായ 66കാരനാണ് മരിച്ചത്. ഗോരഖ്പൂര്‍ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളജിലെ റസിഡന്റ് ഡോക്ടറായ 23 കാരനാണ് മറ്റൊരു രോഗി. ഇന്നലെ യു.പിയില്‍ 112 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 10 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണസംഖ്യ 22,676 ആയി.