KeralaLatest

ബഷീര്‍ മ്യൂസിയം : ഒന്നാംഘട്ടം ജൂലൈയില്‍ പൂര്‍ത്തിയാക്കും

“Manju”

കോഴിക്കോട്: ബേപ്പൂരില്‍ നിര്‍മിക്കുന്ന വൈക്കം മുഹമ്മദ് ബഷീര്‍ മെമ്മോറിയല്‍ മ്യൂസിയത്തിന്റെ ആദ്യഘട്ടം ജൂലൈയില്‍ പൂര്‍ത്തിയാക്കും. ലിറ്ററേച്ചര്‍ സര്‍ക്യൂട്ടിന്റെ പ്രാഥമിക പ്രോജക്ടായാണ് മ്യൂസിയം നിര്‍മിക്കുന്നത്. ബേപ്പൂരിന്റെ മുഖച്ഛായ മാറ്റുന്ന തരത്തിലാണ് ‘ആകാശ മിഠായി’ എന്ന പേരില്‍ പദ്ധതി വിഭാവനം ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നു.
കമ്യൂണിറ്റി സെന്‍റര്‍, ആംഫി തിയറ്റര്‍, കള്‍ച്ചറല്‍ സെന്‍റര്‍, ബഷീര്‍ ആര്‍ക്കൈവ്സ്, റിസര്‍ച് സെന്‍റര്‍, ഓഡിയോ വിഷ്വല്‍ സ്റ്റുഡിയോ,ആര്‍ട്ട് റെസിഡന്‍സി സൗകര്യം, അക്ഷരത്തോട്ടം, വാര്‍ത്തമതില്‍ എന്നിവ ബഷീര്‍ സ്മാരകത്തിലുണ്ടാവും. ബഷീര്‍ കഥാപാത്രങ്ങളാണ് ചുറ്റുമതിലില്‍ നിറയുക. ചൂണ്ടുപലകകളും ബഷീര്‍ കഥാപാത്രങ്ങള്‍ ആയിരിക്കും.
കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം ചേര്‍ന്ന് ടൂറിസം വകുപ്പിന് സ്മാരകം പണിയുന്നതിനുള്ള സ്ഥലത്തിന്റെ എന്‍.ഒ.സി കൊടുക്കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്തുമെന്ന് ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫിര്‍ അഹമ്മദ് പറഞ്ഞു. ബേപ്പൂര്‍ ബി.സി റോഡില്‍ ഒരേക്കര്‍ സ്ഥലത്താണ് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകം പണിയുന്നത്. സ്പേസ് ആര്‍ട്ട് ഡയറക്ടര്‍ വിനോദ് സിറിയക്, പ്രോജക്‌ട് ആര്‍ക്കിടെക്‌ട് നമിത ചെറിയാന്‍ എന്നിവര്‍ പദ്ധതി വിശദീകരിച്ചു. ഡോ. വി. വേണു, കൃഷ്ണ തേജ, ജില്ല കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി, സി.എന്‍. അനിതകുമാരി, ടി.സി. വിനോദ്, സി.പി. ബീന തുടങ്ങിയവരും പങ്കെടുത്തു.

Related Articles

Back to top button