KeralaLatestThiruvananthapuram

സിക വൈറസ് : കേന്ദ്ര സംഘം കേരളത്തില്‍

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് സിക വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘം കേരളത്തിലെത്തി. ആറംഗ സംഘം തിരുവനന്തപുരം നഗരസഭാ പരിധിയിലെ പ്രദേശങ്ങളിലും പാറശാലയിലും സന്ദര്‍ശനം നടത്തും.

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ചയും നടത്തും. സികയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് ജില്ലാ ഭരണകൂടവും പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. വാര്‍ഡ് തല സമിതിയുടെ നേതൃത്വത്തില്‍ കൊതുക് നശീകരണത്തിനുള്ള നടപടി സ്വീകരിക്കാനാണ് നിര്‍ദേശം. പനി ക്ലിനിക്കുകള്‍ ശക്തമാക്കാനും തീരുമാനിച്ചു.

വൈറസ് ബാധയുണ്ടായെന്ന് സംശയിക്കുന്ന രോഗലക്ഷണങ്ങള്‍ ഉള്ള കൂടുതല്‍ പേരുടെ പരിശോധന ഫലങ്ങളും ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ രോഗം സ്ഥിരീകരിച്ച യുവതി താമസിച്ചിരുന്ന നന്തന്‍കോട് നിന്നും സ്വദേശമായ പാറശാലയില്‍ നിന്നുള്‍പ്പെടെ ശേഖരിച്ച 17 സാംപിളുകളുടെ ഫലം ലഭിക്കാനുണ്ട്. സംസ്ഥാനത്താകെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊതുക് നിവാരണമാണ് ഏറ്റവും പ്രധാനമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഇന്നലെ അറിയിച്ചിരുന്നു. പനി, തലവേദന, ശരീര വേദന, ചുവന്ന പാടുകള്‍ എന്നിവ കണ്ടാല്‍ സികയല്ലെന്ന് ഉറപ്പുവരുത്തണം. അനാവശ്യമായ ഭീതിയല്ല, അതീവ ജാഗ്രതയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button