IndiaLatest

കോവിഡ് പ്രതിരോധത്തില്‍ വീഴ്ച വന്നാല്‍ മൂന്നാം തരംഗമെന്ന് പ്രധാനമന്ത്രി

“Manju”

ഡല്‍ഹി : കോവിഡ് പ്രതിരോധത്തില്‍ വീഴ്ച വന്നാല്‍ മൂന്നാം തരംഗമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്നറിയിപ്പ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ ചര്‍ച്ചയിലാണ് മോദിയുടെ മുന്നറിയിപ്പ്. കോവിഡ് വ്യാപനത്തിന്റെ മൂന്നാംതരംഗം സംഭവിക്കാതിരിക്കാന്‍ എല്ലാവരും ഒന്നിച്ച് പ്രതിരോധം തീര്‍ക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ആളുകള്‍ കൂട്ടമായി എത്തുന്നതിനെ  പ്രധാനമന്ത്രി വിമര്‍ശിച്ചു. വിനോദ സഞ്ചാരമേഖലയെയും വ്യാപാരത്തെയുമെല്ലാം കോവിഡ് പ്രതികൂലമായി ബാധിച്ചു എന്നുളളത് സത്യമാണ്. എന്നാല്‍ ഹില്‍ സ്‌റ്റേഷനുകളിലും മാര്‍ക്കറ്റുകളിലുമെല്ലാം മാസ്‌ക് ധരിക്കാതെ ആളുകള്‍ കൂട്ടം കൂടുന്നത് ശരിയല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
‘മൂന്നാംതരംഗം എപ്പോഴാണ് രൂക്ഷമാകുക, അതിന് മുമ്പ് യാത്ര പോയി ആസ്വദിച്ച് മടങ്ങിവരാം എന്നു ചിന്തിക്കരുത്.  നിലവിലെ സാഹചര്യത്തെ കുറിച്ച് ചിന്തിക്കുകയും, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മൂന്നാംതരംഗത്തെ പ്രതിരോധിക്കുകയും വേണം. ഹില്‍ സ്‌റ്റേഷനുകളില്‍ കാണുന്ന ആള്‍ക്കൂട്ടം ആശങ്കയുണ്ടാക്കുന്നതാണ്. ജാഗ്രതയില്‍ അലംഭാവം കാണിക്കരുത്.’ പ്രധാനമന്ത്രി പറഞ്ഞു.
ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും പാടില്ല. പ്രതിരോധത്തിലെ വീഴ്ചകളാണ് വെല്ലുവിളികളായത്. കൊറോണ വൈറസിനുണ്ടായ ജനിതക മാറ്റം വെല്ലുവിളിയാണ്.വൈറസ് വകഭേദങ്ങളെ ജാ​ഗ്രതയോടെ കാണണം.വൈറസിന്റെ ജനിതകമാറ്റത്തെക്കുറിച്ച് പഠനങ്ങൾ നടക്കുന്നുണ്ട്.  മാസ്‌ക് ധരിക്കാതെ ആളുകള്‍ ഹില്‍ സ്റ്റേഷനുകളിലേക്ക് യാത്ര നടത്തുന്നതും മാര്‍ക്കറ്റില്‍ കൂട്ടം കൂടുന്നതും അംഗീകരിക്കാനാകില്ല.
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി മൈക്രോ ലെവലില്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.  കോവിഡ് സാഹചചര്യം മനസ്സിലാക്കി പെരുമാറാന്‍ ജനങ്ങളെ ബോധവാന്മാരാക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. കോവിഡിനെ നിയന്ത്രിക്കാൻ വാക്സിനേഷൻ പ്രക്രിയ വേ​ഗത്തിലാക്കണമെന്നും മോദി ആവശ്യപ്പെട്ടു.

Related Articles

Back to top button