India

കാഴ്ചയില്ലാത്ത ഷെറിക്ക് ഇനി അമേരിക്കയിൽ പുതുജീവിതം

“Manju”

ലക്‌നൗ: ഉത്തർപ്രദേശ് സ്വദേശിനിയായ മിനി ഖേര കണ്ടെടുത്ത കാഴ്ചയില്ലാത്ത തെരുവ് നായയ്ക്ക് ഇനി പുതിയ ജീവിതം. ഝാൻസിയിൽ നിന്നും കണ്ടെടുത്ത ഷെറി എന്ന തെരുവ് നായയെ അമേരിക്കയിലേക്ക് അയച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് കാഴ്ച്ചയില്ലാത്ത തെരുവ് നായയെ റോഡരികിൽ നിന്നും മിനി ഖേരയ്ക്ക് ലഭിക്കുന്നത്.

എംബിഎക്കാരിയായ മിനി ഖേര ജീവ് ആശ്രയ് സമിതി എന്ന എൻജിഒയുടെ പ്രവർത്തകയാണ്. റോഡിൽ അവശനായി കിടക്കുന്ന നായയെ കുറിച്ച് വിവരം ലഭിച്ച മിനി ഖേരയും സംഘവും സ്ഥലത്തെത്തി നായയെ ഏറ്റെടുക്കുകയായിരുന്നു. മുറിവുകളോടെയാണ് ഷെറിയെ ഇവർക്ക് ലഭിക്കുന്നത്. തുടർന്ന് നാല് മാസം നീണ്ട ചികിത്സയ്‌ക്കൊടുവിൽ നായയ്ക്ക് പുതു ജീവൻ നൽകി.

ഷെറിയെ പൂർണ ആരോഗ്യവതിയാക്കിയെങ്കിലും സ്ഥിരമായൊരു സുരക്ഷിത താവളം കണ്ടുപിടിക്കുന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്ന് ഖേര പറയുന്നു. ദത്തെടുക്കാൻ താത്പര്യമുണ്ടോയെന്ന് അന്വേഷിച്ച് സമൂഹമാദ്ധ്യമങ്ങൾ വഴി ഷെറിയുടെ വിവരങ്ങളും പങ്കുവെച്ചിരുന്നു. തുടർന്ന് ഡൽഹിയിലുള്ള വെറ്റിനറി ഡോക്ടർ പ്രമീള ചൗധരി വഴി അമേരിക്കയിലെ പെൻസിൽവാനിയ സിറ്റിയിൽ പ്രവർത്തിക്കുന്ന എൻജിഒയെ കുറിച്ച് വിവരം ലഭിക്കുകയായിരുന്നു.

തെരുവ് നായകളെ പുനരധിവസിപ്പിക്കുന്ന എൻജിഓയാണിത്. ഷെറിയുടെ വിവരങ്ങൾ ഇവരുമായി പങ്കുവെയ്ക്കുകയും അവർ ഷെറിയെ ദെത്തെടുക്കാൻ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. പിന്നാലെ കൂടുതൽ ചികിത്സ നൽകി പൂർണ ആരോഗ്യത്തോടെ ഷെറിയെ അമേരിക്കയിലേക്ക് അയച്ചു. തിങ്കളാഴ്ച ഷെറിയുടെ ദത്തെടുക്കൽ പൂർണമായതായി മിനി ഖേര അറിയിച്ചു.

Related Articles

Back to top button