KeralaLatest

വനിതകള്‍ക്ക് താമസിക്കാന്‍ ‘ഷീ ലോഡ്ജ് ‘

“Manju”

തിരുവല്ല : നഗരത്തില്‍ സ്ത്രീകള്‍ക്ക് ഇനി സുരക്ഷിതമായി താമസിക്കാം. നഗരസഭയുടെ ഷീ ലോഡ്ജിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നു. റെയില്‍വേ സ്റ്റേഷന്‍ റോഡിനു സമീപം നേരത്തേ കെഎസ്‌ആര്‍ടിസിയുടെ താല്‍കാലിക ഡിപ്പോ പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്താണ് ഷീ ലോഡ്ജ് നിര്‍മിക്കുന്നത്.

രണ്ടു ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കുന്ന പണികളുടെ ഒന്നാം ഘട്ടമാണ് പൂര്‍ത്തിയായത്. 40 ലക്ഷം രൂപയാണ് ഇതിനു ചെലവായിരിക്കുന്നത്. ഒരു നിലയാണ് ഇപ്പോഴുള്ളത്. അടുത്ത ഘട്ടത്തില്‍ 40 ലക്ഷം രൂപ കൂടി മുടക്കി രണ്ടാമത്തെ നില പൂര്‍ത്തിയാക്കുമെന്ന് നഗരസഭാധ്യക്ഷ ബിന്ദു ജയകുമാര്‍ പറഞ്ഞു.നഗരസഭയുടെ വനിതാ വികസന ഫണ്ട് ഉപയോഗിച്ചാണ് ഷീ ലോഡ്ജ് നിര്‍മിക്കുന്നത്. പൂര്‍ത്തിയായ കെട്ടിടത്തില്‍ ഒരു മുറി, 4 പേര്‍ക്ക് വീതം താമസിക്കാവുന്ന 2 ഡോര്‍മിറ്ററി, അടുക്കള, ഡൈനിങ് ഹാള്‍, ഓഫിസ് മുറി, പൊതുശുചിമുറി വരാന്ത എന്നിവയുണ്ട്. മുറിയും ഡോര്‍മിറ്ററികളും ഓഫിസ് മുറിയും അറ്റാച്ച്‌ഡ് ആണ്.

202 ചതുരശ്ര മീറ്ററാണ് വിസ്തൃതി. ലോഡ്ജിന്റെ നിര്‍വഹണവും തുകയും കൗണ്‍സില്‍ ചേര്‍ന്ന് തീരുമാനിക്കും. ഷീ ലോഡ്ജിന്റെ ചുറ്റുമതിലാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. പുറത്തെ പെയിന്‍റിങ് ജോലികളും ബാക്കിയുണ്ട്. നിര്‍മിച്ച കെട്ടിടത്തോടു ചേര്‍ന്ന് നേരത്തേ കെഎസ്‌ആര്‍ടിസി ഡിപ്പോ പ്രവര്‍ത്തിച്ചിരുന്നതിനുശേഷം ഉപേക്ഷിച്ച ഡീസല്‍ ടാങ്ക് കിടക്കുകയാണ്. ഇത് മാറ്റിയാല്‍ മാത്രമേ മതില്‍ നിര്‍മിക്കുവാന്‍ കഴിയുകയുള്ളു. മാറ്റണമെന്നു കാണിച്ച്‌ പല പ്രാവശ്യം നഗരസഭ കെഎസ്‌ആര്‍ടിസിക്കു കത്തു നല്‍കിയെങ്കിലും നടപടിയായില്ല.

നഗരസഭയുടെ വക കണ്ണായ സ്ഥലത്ത് ആദ്യമായാണ് ഒരു പൊതുസംവിധാനം വരുന്നത്. എല്ലാ വര്‍ഷവും നഗരസഭ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ഇവിടെ വന്‍ പദ്ധതികള്‍ പ്രഖ്യാപിക്കാറുണ്ട്. മാര്യേജ് കണ്‍വന്‍ഷന്‍ സെന്റര്‍, ബസ് ഹബ് തുടങ്ങിയ പദ്ധതികള്‍ക്ക് കോടിക്കണക്കിനു രൂപയും വകയിരുത്താറുണ്ട്. എന്നാല്‍ ഇതുവരെ ഒരു പദ്ധതിയും തുടങ്ങിയിട്ടില്ല. സ്വകാര്യ വാഹനങ്ങളും ചരക്കുലോറികളും ഇടാനുള്ള സ്ഥലമായി ഇവിടം മാറി. കുറെ ഭാഗത്ത് കയ്യേറ്റങ്ങളുണ്ടെന്നും പരാതിയുണ്ട്.

Related Articles

Back to top button